സ്വന്തം ലേഖകന്‍: മ്യാന്മറില് കുഴപ്പമുണ്ടാക്കുന്നത് വിദേശ ശക്തികള്‍, റോഹിങ്ക്യ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ ന്യായീകരിച്ച് ഓങ്സാന്‍ സൂചി. മ്യാന്മറില് കുഴപ്പുമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് അന്താരാഷ്ട്ര സമൂഹം നടത്തുന്നതെന്നും ജനാധിപത്യവാദിയും ദേശീയ ഉപദേഷ്ടാവുമായ ഓങ്സാന്‍ സൂചി ആരോപിച്ചു.
രാഖൈന്‍ മേഖലയിലെ റോഹിങ്ക്യന്‍ മുസ്ലിംകളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന സൈനിക നടപടികള്‍ക്കെതിരെ യു.എന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര സമൂഹം രംഗത്തുവന്ന പശ്ചാത്തലത്തിലായിരുന്നു സൂചിയുടെ വിമര്‍ശം. അട്ടിമറിയെ തുടര്‍ന്ന് ചുരുങ്ങിയത് 86 പേര് കൊല്ലപ്പെടുകയും ലക്ഷം പേര് ബംഗ്ളാദേശിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു.
സൂചിയുടെ എട്ടുമാസം നീണ്ട ഭരണത്തിന് കടുത്ത വെല്ലുവിളിയായി മാറിയിരിക്കയാണ് ഈ സംഭവം. റോഹിങ്ക്യ മുസ്ലിംകളെ സൂചി മനപ്പൂര്‍വം അവഗണിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. തന്റെ രാജ്യത്തെ സങ്കീര്‍ണമായ ഗോത്രവിഭാഗങ്ങളെക്കുറിച്ച് ലോകം മനസ്സിലാക്കണമെന്ന് സൂചി അഭ്യര്‍ഥിച്ചു. സുരക്ഷാസേനയെ ആക്രമിച്ച ഭീകരര്‍ക്കുനേരെ നടപടികളെടുത്തതിനാണ് സര്‍ക്കാറിനെ പഴിചാരുന്നത്.
ഈ സാഹചര്യത്തില്‍ ദോഷവശങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല. പൊലീസിനുനേരെ നടന്ന ആക്രമണം ആരും കാണുന്നില്ലെന്നും സൂചി കുറ്റപ്പെടുത്തി. സ്ഥിതിഗതികര്‍ നിയന്ത്രണവിധേയമാക്കി രാഖൈനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടത്തും. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ അന്താരാഷ്ട്ര സമൂഹം നടത്തിയ ശ്രമങ്ങള്‍ക്ക് അവര്‍ നന്ദി പറഞ്ഞു. സിംഗപ്പൂര്‍ ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൂചി.
നേരത്തെ മ്യാന്മറില് നടക്കുന്നത് റോഹിങ്ക്യകള്‍ക്കെതിരായ വംശഹത്യയാണെന്ന് യു.എന്നും മലേഷ്യയും കുറ്റപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല