സ്വന്തം ലേഖകന്‍: പരസ്യത്തില്‍ അനുവാദമില്ലാതെ നരേന്ദ്ര മോദിയുടെ ചിത്രം, റിലയന്‍സ് ജിയോക്ക് 500 രൂപ പിഴ. പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതിനാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്ക് 500 രൂപ പിഴ അടക്കേണ്ടി വരിക. റിലയന്‍സ് ജിയോ അവരുടെ പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചത് വന്‍വിവാദമായിരുന്നു.
പ്രതിപക്ഷം ഇത് വലിയ വിഷയമായി പാര്‍ലമെന്റില്‍ ഉയര്‍ത്തുകയും ചെയ്തു. പ്രധാനമന്ത്രി നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തിന് പുറമേ ഇവാലറ്റായ പേടിഎമ്മും തങ്ങളുടെ പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചിരുന്നു.
പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നത് തടഞ്ഞു കൊണ്ടുള്ള 1950 ലെ നിയമപ്രകാരം ഇത്തരം കുറ്റങ്ങള്‍ക്ക് 500 രൂപയാണ് പിഴ. ഈ പിഴ ഈടാക്കി റിലയന്‍സ് ജിയോയ്ക്ക് എതിരായ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 1950 തിലെ എബ്ലം ആന്‍ഡ് നെയിം പ്രിവേന്റഷന്‍ ആക്ട് പ്രകാരമാണ് ഇത്തരം കുറ്റങ്ങള്‍ക്ക് ശിക്ഷ ലഭിക്കുക. ഈ ആക്ടിലെ 3 വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിവധ പേരുകളും എംബ്ലവും ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഈ കുറ്റത്തിന് പരമാധി ലഭിക്കാവുന്ന ശിക്ഷ 500 രൂപയാണ്.
ജിയോക്ക് പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നോ എന്ന് സമാജ്‌വാദി പാര്‍ട്ടി അംഗം നീരജ് ശേഖറാണ് സര്‍ക്കാരിനോട് ചോദിച്ചത്. എന്നാല്‍ ജിയോക്ക് പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി രാജ്യവര്‍ധന സിങ് റാത്തോഡ് മറുപടി കൊടുത്തു. നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല