സ്വന്തം ലേഖകന്‍: ഘാനയില്‍ പത്തു വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന വ്യാജ യുഎസ് എംബസി പൂട്ടിച്ചു, പിടിയിലായത് വന്‍ വിസാ തട്ടിപ്പുസംഘം. ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ അറിവില്ലാതെ പ്രവര്‍ത്തിച്ചിരുന്ന വ്യാജ എംബസിയാണ് അധികൃതര്‍ പൂട്ടിച്ചത്. വ്യാജന്മാരാണ് നടത്തിയിരുന്നതെങ്കിലും എംബസിയില്‍ നിന്നു വിതരണം ചെയ്ത യുഎസ് വീസകളും മറ്റു രേഖകളും ആധികാരികമായിരുന്നു.
ഒരു കൊള്ള സംഘമാണ് തലസ്ഥാനമായ അക്രായില്‍ വ്യാജ എംബസി സ്ഥാപിച്ചു പ്രവര്‍ത്തിപ്പിച്ചിരുന്നത്. എന്നാല്‍, ഇവര്‍ക്ക് യഥാര്‍ഥ വീസകളും രേഖകളും എങ്ങനെ സംഘടിപ്പിക്കാനായെന്നു വ്യക്തമല്ല. ഇമിഗ്രേഷന്‍, ക്രിമിനല്‍ നിയമ വിദഗ്ദനായ ഘാനയിലെ ഒരുദ്യോഗസ്ഥന്റെ ഒത്താശയോടുകൂടിയാണു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് അനുമാനിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഇംഗ്ലീഷും ഡച്ചും സംസാരിക്കാനറിയാവുന്ന തുര്‍ക്കി പൗരന്മാരാണ് വീസ ഓഫീസര്‍മാര്‍ എന്ന വ്യാജേന ഇവിടെ ജോലി ചെയ്തിരുന്നത്. ഘാനയുടെ തലസ്ഥാനമായ അക്രായില്‍ തകര്‍ന്നു വീഴാറായ കെട്ടിടത്തിലായിരുന്നു വ്യാജ എംബസി. കെട്ടിടത്തിന്റെ മുകളില്‍ അമേരിക്കന്‍ പതാകയും ഉയര്‍ത്തിയിട്ടുണ്ട്. ഓഫീസ് മുറിക്കുള്ളില്‍ പ്രസിഡന്റ് ഒബാമയുടെ ചിത്രവും വച്ചിട്ടുണ്ട്.
ആറായിരം ഡോളര്‍ വീതം ഈടാക്കിയാണ് കൊള്ളസംഘം വീസകള്‍ വിറ്റിരുന്നത്. നിയമവിരുദ്ധമായി വില്പന നടത്തിയെങ്കിലും വീസകള്‍ ആധികാരികമാണ് എന്നതാണു രസകരം. എത്ര വീസകള്‍ വിറ്റുപോയെന്നു വ്യക്തമല്ല. അക്രായില്‍ വ്യാജ ഡച്ച് എംബസിയും കണ്ടെത്തിയെന്നു റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, നെതര്‍ലന്‍ഡ്സ് സര്‍ക്കാര്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല