സ്വന്തം ലേഖകന്‍: പ്രവാസികളുടെ കൈവശമുള്ള അസാധുവാക്കിയ നോട്ടുകളുടെ കാര്യം റിസര്‍വ് ബാങ്ക് പരിഗണനയില്‍, തീരുമാനം ഉടന്‍. ഇത്തരം നോട്ടുകള്‍ എന്തുചെയ്യണമെന്ന് റിസര്‍വ് ബാങ്കിന്റെ ഒരു പ്രത്യേക സമിതി അവലോകനം ചെയ്തുവരികയാണെന്ന് എസ്.ബി.ടി. മാനേജിങ് ഡയറക്ടര്‍ സി.ആര്. ശശികുമാര്‍ പറഞ്ഞു.
വലിയ കറന്‍സികള്‍ അസാധുവാക്കിയപ്പോള്‍തന്നെ ഈ പ്രശ്നം കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഈ വിഷയം പരിശോധിക്കാനായി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. നിയമപരമായി ഒരു പ്രവാസിക്ക് 25,000 ഇന്ത്യന്‍ രൂപവരെ കൈവശം വെയ്ക്കാം. ലക്ഷക്കണക്കിന് പ്രവാസികളുടെ കൈയില്‍ ഇത്തരത്തില്‍ പണം ഉണ്ടാവാം.
നാട്ടിലെ ബാങ്കുകളില്‍നിന്ന് സ്വയം മാറ്റിയെടുക്കാനോ ആരെയെങ്കിലും രേഖാമൂലം ചുമതലപ്പെടുത്തി മാറ്റാനോ ഇപ്പോള്‍ സംവിധാനമുണ്ട്. മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കിന്റെ കൊച്ചി, തിരുവനന്തപുരം ഓഫീസുകളില്‍നിന്ന് മാറ്റിയെടുക്കാം. അതിനപ്പുറം എന്തുചെയ്യാനാവുമെന്ന കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല. ഇപ്പോഴത്തെ സൗകര്യം പ്രവാസികള്‍ ഉപയോഗപ്പെടുത്തുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.
വലിയനോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്നുള്ള പ്രശ്നങ്ങളെല്ലാം ഒരുപരിധിവരെ ഇപ്പോള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ കറന്‍സി എത്തുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സുഗമമാവും. ഡിജിറ്റല്‍ ആയി പണം കൈമാറുന്ന രീതി എല്ലാ ബാങ്കുകളും വര്‍ഷങ്ങള്‍ക്കുമുമ്പേ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോഴാണ് അതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍തന്നെ കൂടുതല്‍ പ്രചാരണം നല്‍കുന്നത്. ധാരാളംപേര്‍ ഈ മാര്‍ഗത്തിലേക്ക് ഇടപാടുകള്‍ മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല