1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2016

സ്വന്തം ലേഖകന്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു, തമിഴ്‌നാട്ടില്‍ പരക്കെ അക്രമം. എ.ഐ.എ.ഡി.എം.കെ.യുടെ തലൈവിയായ ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അന്തരിച്ചത്. കഴിഞ്ഞ മാസം സെപ്റ്റംബര്‍ 22 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിത ആരോഗ്യം വീണ്ടെടുത്തു വരുന്നതിനിടെ കഴിഞ്ഞ ദിവസമുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം.

ജയലളിതയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെമ്പാടും തിങ്കളാഴ്ച മുതല്‍ കനത്ത സുരക്ഷാവലയത്തിലായിരുന്നു. ‘അമ്മ’യുടെ നില സംബന്ധിച്ച ആശങ്കകള്‍ക്കിടെ ചെന്നൈ അപ്പോളോ ആശുപത്രിക്കു മുന്നില്‍ ജനസമുദ്രമായി. ഇന്നലെ ഉച്ചയോടെ ചില തമിഴ്ചാനലുകള്‍ ജയയുടെ മരണവാര്‍ത്ത പുറത്തുവിട്ടെങ്കിലും ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചതോടെ പിന്‍വലിച്ചു.

നാലുതവണ മുഖ്യമന്ത്രിയായിരുന്ന ജയലളിത തമിഴ്‌നാട്ടിലെ ആദ്യ വനിതാ പ്രതിപക്ഷനേതാവുമായിരുന്നു. എം.ജി. രാമചന്ദ്രനു ശേഷം തുടര്‍ച്ചയായായി രണ്ടുവട്ടം മുഖ്യമന്ത്രിയാകുന്ന ആദ്യ വ്യക്തി കൂടിയാണ് ജയലളിത. പുതിയ മുഖ്യമന്ത്രിയായി ഒ. പനീര്‍ ശെല്‍വത്തെ എം.എല്‍.എമാരുടെ യോഗം തെരഞ്ഞെടുത്തു.

ഇന്നലെ വൈകിട്ട് ജയലളിത മരിച്ചെന്നു ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അണികളുടെ നിയന്ത്രണം വിടുകയായിരുന്നു. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ എ.ഐ.എ.ഡി.എം.കെ. അണികളെ നിയന്ത്രിക്കാന്‍ പോലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു. ആശുപത്രിക്കു നേരേ കല്ലേറുണ്ടായി. എന്നാല്‍ അപ്പോളോയിലെ വിദഗ്ധരും ഡല്‍ഹി എയിംസില്‍ നിന്നെത്തിയ വിദഗ്ധരും മുഖ്യമന്ത്രിയുടെ ജീവന്‍ നിലനിര്‍ത്താന്‍ കിണഞ്ഞു ശ്രമിക്കുകയാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്.

പത്രക്കുറിപ്പിനെത്തുടര്‍ന്നു മുഖ്യമന്ത്രി അന്തരിച്ചുവെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പിന്‍വലിച്ചു. തുടര്‍ന്ന് രാത്രിയോടെ ജയയുടെ മരണവാര്‍ത്ത ആശുപത്രി അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടു. അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യാന്‍ അപ്പോളോ ആശുപത്രി പരിസരത്ത് മാത്രം 1,000 പോലീസുകാരെയാണു വിന്യസിച്ചിരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ തമിഴ്‌നാട്ടിലേക്കുള്ള ബസ് സര്‍വീസുകള്‍ കര്‍ണാടകവും കേരളവും റദ്ദാക്കി.

തമിഴ് സിനിമാ ലോകത്തെ മിന്നുംതാരമായി നില്‍ക്കെ 1982 ല്‍ അണ്ണാ ഡി.എം.കെ. അംഗമായ ജയലളിതയുടെ സംഘടനാ പാടവവും ഇംഗ്ലീഷ് വൈദഗ്ദ്യവും കാരണം നേതാവ് എംജിആര്‍ അവരെ രാജ്യസഭയിലേക്ക് അയച്ചു. 1984 ല്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ജയലളിത 1989 വരെ തല്‍സ്ഥാനത്തു തുടര്‍ന്നു. എം.ജി.ആറിന്റെ തണലില്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉയര്‍ന്ന ജയയ്ക്കു ജാനകി രാമചന്ദ്രന്‍ വെല്ലുവിളിയായെങ്കിലും പതിയെ ജയ പാര്‍ട്ടിയുടെ തലപ്പത്തെത്തി.

1984 ലെ പൊതുതെരഞ്ഞെടുപ്പോടെ ജയ പാര്‍ട്ടിയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. എട്ടു തവണ നിയമസഭയിലേക്കു മത്സരിച്ച ജയ ഒരിക്കല്‍മാത്രമാണു തോല്‍വി അറിഞ്ഞത്. 1989ല്‍ ബോഡിനായ്ക്കന്നൂര്‍ മണ്ഡലത്തില്‍നിന്നാണ് ജയ ആദ്യമായി നിയമസഭയിലെത്തിയത്. തമിഴ്‌നാട് നിയമസഭയ്ക്കുള്ളില്‍വച്ച് അവര്‍ ഡി.എം.കെ. അംഗങ്ങളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി. മുഖ്യമന്ത്രി കരുണാനിധിയുടെയും സ്പീക്കറുടെയും മുന്നില്‍വച്ച് ഡി.എം.കെ. അംഗങ്ങള്‍ പ്രതിപക്ഷനേതാവായ ജയലളിതയുടെ സാരി വലിച്ചഴിച്ച് അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു.

’91ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 234 സീറ്റില്‍ 225 എണ്ണത്തില്‍ വിജയിച്ച് തെരഞ്ഞെടുക്കപ്പെട്ട തമിഴ്‌നാട്ടിലെ ആദ്യ വനിത മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ ആറാംവട്ടവും തമിഴ്‌നാട് മുഖ്യമന്ത്രിയായി. കരുണാനിധിയുമായുള്ള യുദ്ധത്തില്‍ ജയലളിതയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത അഴിമതി കേസുകളുടെ വിചാരണക്ക് മാത്രമായി മൂന്ന് പ്രത്യേക കോടതികള്‍ രൂപവത്കരിച്ചു. ജയലളിതക്കെതിരെ മാത്രം ഡി.എം.കെ മുന്‍കൈയെടുത്ത് 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11 കേസുകളിലും വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിലൂടെ ജയലളിത കുറ്റവിമുക്തയായി.

എന്നാല്‍, 66 കോടി രൂപയുടെ അിവിഹിത സ്വത്ത് സമ്പാദ്യ കേസില്‍ മാത്രം ജയലളിത ശരിക്കും കുരുങ്ങുകയായിരുന്നു. സുപ്രീംകോടതി പരാമര്‍ശത്തെ തുടര്‍ന്ന് ജയ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. എന്നാല്‍, വിശ്വസ്തനായ പന്നീര്‍ശെല്‍വത്തിന് മുഖ്യമന്ത്രിയാക്കി ജയ തമിഴ്‌നാട് ഭരണം കൈപിടിയില്‍ നിര്‍ത്തി.

തിങ്കളാഴ്ച ജയലളിത മരണപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഒ.? പന്നീര്‍ സെല്‍വം വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വെച്ച് രാത്രി 1.30 ഓടെയായിരുന്നു പന്നീര്‍ സെല്‍വം സത്യപ്രതിജ്ഞ ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.