സ്വന്തം ലേഖകന്‍: യുഎസിലെ എണ്ണ പൈപ്പ്ലൈനിന് എതിരായ ഗോത്ര വിഭാഗങ്ങളുടെ സമരം വിജയിച്ചു, സ്വകാര്യ കമ്പനിക്ക് തിരിച്ചടി. വടക്കന്‍ യു.എസിലെ ഡക്കോട്ടയില്‍, ഭൂമിക്കടിയിലൂടെ എണ്ണ പൈപ്പ്ലൈന് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരായ സമരത്തിലാണ് ഗോത്ര വിഭാഗത്തിന് താല്‍ക്കാലിക ജയം നേടാനായത്. പൈപ്ലൈന് അനുമതി നല്‍കാനാവില്ലെന്ന് യു.എസ് പ്രതിരോധ വകുപ്പ് ഏജന്‍സിയായ ആര്‍മി കോപ്സ് ഓഫ് എന്‍ജിനിയേഴ്സ് വ്യക്തമാക്കി.
വടക്കുപടിഞ്ഞാറ് ഡക്കോട്ടയിലെ ബേക്കന്‍ എണ്ണപ്പാടങ്ങളില്‍നിന്നും ഇലനോയ് വരെ 1886 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്ലൈന് സ്ഥാപിക്കാനായിരുന്നു എനര്‍ജി ട്രാന്‍സ്ഫര്‍ പാര്‍ട്ണേഴ്സ് (ഇ.ടി.പി ) എന്ന കമ്പനിയുടെ 25000 കോടി രൂപ (3.7 ബില്യന്‍ യു.എസ് ഡോളര്‍) ചെലവുകണക്കാക്കിയ പദ്ധതി. പദ്ധതിക്കെതിരെ തദ്ദേശീയരായ ഗോത്ര വിഭാഗങ്ങളും, പരിസ്ഥിതി പ്രവര്‍ത്തകരും ശക്തമായ എതിര്‍പ്പുമായി രംഗത്തുവരികയായിരുന്നു.
മിസൂറി നദിക്ക് ഇരുവശത്തുമുള്ള സ്ഥലത്ത്, പദ്ധതി കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത്. ജലസ്രോതസ്സുകള്‍ മലിനീകരിക്കപ്പെടുമെന്നും, വിശുദ്ധകേന്ദ്രങ്ങള്‍ തകരാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയ ഹരജിക്കാര്‍, ജനങ്ങളുടെ നിലനില്പുതന്നെ പദ്ധതി പൂര്‍ത്തിയാവുന്നതോടെ അപകടത്തിലാവുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ആഗസ്റ്റില്‍, സ്റ്റാന്‍ഡിങ് റോക്ക് ഇന്ത്യന്‍ സിയോക്സ് എന്ന ഗോത്ര വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആര്‍മി കോര്‍പ്സിന് പദ്ധതി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. ആര്‍മി കോപ്സിന്റെ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച ഗോത്രവിഭാഗം അഭിഭാഷകന്, ഇക്കാര്യത്തില്‍ ഒബാമ ഭരണകൂടത്തിനോട് തങ്ങള്‍ ഏറെ കടപ്പെട്ടിരിക്കുന്നതായും അറിയിച്ചു.
എന്നാല്‍, ഏജന്‍സിയുടെ തീരുമാനത്തിനെതിരെ കമ്പനിക്ക് അപ്പീല്‍ സമര്‍പ്പിക്കാമെന്നും, നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാണെന്നും അഭിഭാഷകന് പറഞ്ഞു. പൈപ്ലൈന് പദ്ധതിയെ താന്‍ അനുകൂലിക്കുന്നതായി ഇ.ടി.പിയില്‍ ഓഹരി പങ്കാളിത്തമുള്ള ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല