സ്വന്തം ലേഖകന്‍: ഓസ്ട്രിയയില്‍ ഇടതു ചായ്വുള്ള സഖ്യത്തിനു ജയം, അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലന് പുതിയ പ്രസിഡന്റ്. ഇറ്റാലിയന്‍ ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനു നിരാശ നേരിട്ടെങ്കിലും ഓസ്ട്രിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആശ്വാസമായി ഇടതുപക്ഷ കക്ഷികള്‍ക്ക് മുന്നേറ്റം. എന്നാല്‍, നേരിയ ഭൂരിപക്ഷത്തിനാണ് ഡെര്‍ ബെല്ലന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
എഴുപത്തിരണ്ടുകാരനായ അദ്ദേഹത്തിന് 51.68 ശതമാനവും തീവ്രവലതുപക്ഷ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടിയിലെ എതിരാളി നോര്‍ബര്‍ട്ട് ഹോഷര്ക്ക് 48.32 ശതമാനവുമാണു വോട്ട്. അഞ്ചു ലക്ഷത്തോളം വരുന്ന തപാല്‍ വോട്ടുകൂടി എണ്ണി ചൊവ്വാഴ്ചയാണ് പൂര്‍ണ ഫലം പ്രഖ്യാപിക്കുക. എന്നാല്‍ തപാല്‍ വോട്ടുകള്‍ പ്രതികൂലമായാലും ഡെര്‍ ബെല്ലന്റെ വിജയത്തെ ബാധിക്കാന്‍ സാധ്യത കുറവാണ്.
തീവ്ര വലതുപക്ഷം ആദ്യമായി വിജയിക്കുമെന്നു കരുതപ്പെട്ട ഓസ്ട്രിയയില്‍ അതു സംഭവിക്കാത്തതു യൂറോപ്യന്‍ ഭരണകൂടങ്ങള്‍ക്ക് ആശ്വാസമായി. പ്രസിഡന്റ് പദവി ആലങ്കാരികമാണെങ്കിലും രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ അദ്ദേഹത്തിന്റെ നിലപാട് നിര്‍ണായകമാകും. രണ്ടു വര്‍ഷത്തിനുള്ളില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കണം. അതില്‍ ഫ്രീഡം പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്നാണു കരുതപ്പെടുന്നത്.
മേയിലെ തെരഞ്ഞെടുപ്പ് അസാധുവാക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഞായറാഴ്ചത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല