1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2016

സ്വന്തം ലേഖകന്‍: എംജിആറിന്റെ ശവമഞ്ചത്തില്‍ നിന്നും വലിച്ചിറക്കപ്പെട്ടത് രണ്ടു തവണ, നിയമസഭയിലും അധിക്ഷേപം, സിനിമാക്കഥയെ വെല്ലുന്ന ജയലളിതയുടെ ജീവിതം. എം ജി ആറിന്റെ ഭാര്യ സഹോദരന്റെ പുത്രന്‍ അടങ്ങുന്ന സംഘമാണ് ജയലളിതയെ വാഹനത്തില്‍ നിന്നു വലിച്ച് പുറത്തേയ്ക്കിട്ടത്. എതിര്‍പ്പുകളെ ശക്തമായി നേരിട്ട് അവര്‍ വീണ്ടും വീണ്ടും ശവമഞ്ചത്തിനെ സമീപിക്കുന്നതും പഴയ ദൃശ്യങ്ങളില്‍ കാണാം.

മുടിക്കുത്തിനു പിടിച്ച് പുറത്താക്കിയ ജയയെ കരണത്തടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സംരക്ഷണയില്‍ രാജാജി ഹാളിനു പുറത്ത് അവരുടെ വാഹനത്തില്‍ ഇരിക്കുകയായിരുന്നു. എം ജി ആര്‍നു വേണ്ടി വിവാഹജീവിതം പോലും ഉപേക്ഷിച്ച ജയയെ അവസാന നിമിഷം ഒരു നോക്കുകാണാന്‍ പോലും എം ജി ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രന്റെ ബന്ധുക്കള്‍ അനുവദിച്ചിരുന്നില്ല.

തുടര്‍ന്ന് പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഉയര്‍ന്ന ജയക്ക് നിയമസഭയില്‍ ഡിഎംകെ എംഎല്‍എമാരില്‍ നിന്നും അധിക്ഷേപം നേരിടേണ്ടിവന്നു.

ജയലളിതയുടെ മാതാവ് നാടകനടിയായിരുന്നു. വിവിധ നാടകക്കമ്പനികളില്‍ അഭിനയിച്ച ശേഷമാണ് അവര്‍ സിനിമയില്‍ എത്തിയത്. മാതാവിന്റെ കാലടികള്‍ പിന്തുടര്‍ന്ന് ബാലനടിയായി എത്തിയ ജയലളിത പതിനഞ്ചാം വയസ്സില്‍ കന്നഡച്ചിത്രം ചിന്നഡാഗോംബോയിലൂടെ ആദ്യ നായികയായി. 1965 നും 1980 നും ഇടയില്‍ എംജിആര്‍ ചിത്രങ്ങളിലൂടെ ജയ തമിഴകത്തിന്റെ ഇദയക്കനിയായി.

1968 ല്‍ അവര്‍ ധര്‍മ്മേന്ദ്രയുടെ നായികയായി ഇസത്ത് എന്ന ഹിന്ദിസിനിമയില്‍ അഭിനയിച്ചു. ഇക്കാലത്ത് തമിഴിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നായികയും അവര്‍ തന്നെയായിരുന്നു. ഒന്നര ദശകം നീണ്ട സിനിമാ അഭിനയത്തിനിടയില്‍ അവര്‍ അഭിനയിച്ച 140 സിനിമകളില്‍ 120 എണ്ണവും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു.

1982 ല്‍ ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തില്‍ ചേര്‍ന്ന ജയയെ അടുത്ത വര്‍ഷം പാര്‍ട്ടി പ്രചരണ സെക്രട്ടറിയാക്കി. 1984 ല്‍ എഐഎഡിഎംകെയെ പ്രതിനീധികരിച്ചു രാജ്യസഭയില്‍ ആദ്യമായി എത്തിയ ജയലളിത പിന്നീട് പാര്‍ട്ടിയുടെ നിര്‍ണ്ണായക ഘടകമായി മാറി. ഇംഗ്‌ളീഷ് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്ന ജയലളിതയുടെ ഭാഷാപ്രാവീണ്യം ഉപയോഗിക്കാനായിരുന്നു എംജിആര്‍ ആദ്യം ജയലളിതയെ കൂടെ കൂട്ടിയതെങ്കിലും പിന്നീട് അവര്‍ പാര്‍ട്ടിയുടെ പതാകവാഹകയായി.

1987 ല്‍ എംജിആര്‍ മരിച്ചതിന് പിന്നാലെ പാര്‍ട്ടിയിലെ നേതൃസ്ഥാനം കയ്യാളാന്‍ എംജിആറിന്റെ വിധവ ജാനകിയുമായി കടുത്ത മത്സരം തന്നെ ജയലളിതയ്ക്ക് നടത്തേണ്ടി വന്നു. പിന്നീട് പാര്‍ട്ടി രണ്ടാകുകയും ജയലളിത ജാനകിയെ മറികടന്ന് തന്റെ കൊടിപാറിക്കുകയും ചെയ്തു. 1989 ല്‍ തമിഴ്‌നാട് കണ്ട ആദ്യ വനിതാ പ്രതിപക്ഷ നേതാവായി നിയമസഭയിലേക്ക് ജയിച്ചുകയറിയതോടെ ജയയുടെ ജീവിതത്തിലെ അടുത്ത ഘട്ടം തുടങ്ങി. ശേഷം ചരിത്രം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.