സ്വന്തം ലേഖകന്‍: ഇറാനു വേണ്ടി സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി, 15 പേര്‍ക്ക് സൗദിയില്‍ വധശിക്ഷ. ഇറാന് ചാര സംഘടനക്ക് സൗദിയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ വിവരം കൈമാറിയ കേസില്‍ കുറ്റം തെളിയിക്കപ്പെട്ട പ്രതികളില്‍ 15 പേര്‍ക്കാണ് വധശിക്ഷ വിധിച്ചത്.
റിയാദിലെ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
വധശിക്ഷ കൂടാതെ, മറ്റു 15 പേര്‍ക്ക് ആറു മാസം മുതല്‍ 25 വര്‍ഷംവരെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. രണ്ടു പേരെ കോടതി വെറുതെവിട്ടു.
30 സൗദി ഷിയാ മുസ്ലിം വിഭാഗക്കാര്‍, ഒരു ഇറാന് സ്വദേശി, ഒരു അഫ്ഗാന് പൗരന് എന്നിവരാണ് 2013ല്‍ സൗദി പോലീസിന്റെ പിടിയിലായത്. ഫെബ്രുവരിയിലാണ് ഇവരുടെ വിചാരണ ആരംഭിച്ചത്.
ചാരപ്രവര്‍ത്തനം നടത്തുന്നതിനായി ഇറാന്, ലബനോന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നു പരിശീലനം നേടി, രഹസ്യ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിനും അയയ്ക്കുന്നതിനും ഇറാന് ചാരസംഘടനയുടെ പ്രത്യേക കോഡ് ഭാഷ പരിശീലിച്ചു തുടങ്ങി രാജ്യത്തിന്റെ സമാധാനത്തിന് ഭീഷണിയാവുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് പങ്കുള്ളതായി കോടതി കണ്ടെത്തിയിരുന്നു.
പ്രതികള്‍ക്കു മേലുള്ള കുറ്റം തെളിയിക്കപ്പെട്ടതായി പ്രഖ്യാപിച്ച കോടതി 15 പ്രതികള്‍ക്കും വധശിക്ഷ വിധിക്കുകയായിരുന്നു. വിധി ഇറാനും സൗദിയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കാനാണ് സാധ്യത. മുതിര്‍ന്ന ഷിയ മതപണ്ഡിതന് നിമ്ര്!അല്‍നിമ്റിനെ സൗദി വധധശിക്ഷക്കു വിധേയനാക്കിയതു മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷത്തിലാണ്. മധ്യപൂര്‍വ ദേശത്തെ പല കലാപങ്ങള്‍ക്കും അടിസ്ഥാനം സൗദിഇറാന്‍ ശത്രുതയാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
വിഭിന്ന ഇസ്ലാം ശാഖകളില്‍ വിശ്വസിക്കുന്ന സൗദിയും ഇറാനും മധ്യപൂര്‍വേഷ്യയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തില്‍ ദീര്‍ഘകാലമായി ശത്രുതയിലാണ്. ഇറാക്ക് യുദ്ധവും ടുണീഷ്യയില്‍ തുടങ്ങി പലയിടത്തേക്കും പടര്‍ന്ന ആഭ്യന്തര കലാപങ്ങളും മൂലം മേഖലയാകെ താറുമാറാകുകയും സ്വാധീനം വര്‍ധിപ്പിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും പുതിയ വഴികള്‍ തുറന്നുകിട്ടുകയും ചെയ്തതോടെ ശത്രുത കൂടുതല്‍ കടുത്തു.
ഇറാന് ആണവകരാര്‍ ഈ മേഖലയില്‍ ടെഹ്റാന്റെ സ്വാധീനം വര്‍ധിപ്പിക്കുമെന്ന സൗദിയുടെ ആശങ്ക പ്രശ്നം വഷളാക്കുന്നു. സെപ്റ്റംബറില്‍ 450 ഇറാനികള്‍ ഉള്‍പ്പെടെ 2400 ഹജ് തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കിയ അപകടം സൗദി കൈകാര്യം ചെയ്ത രീതിയെ ഇറാന് കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല