സ്വന്തം ലേഖകന്‍: മറീന ബീച്ചിലേക്ക് തീര്‍ഥാടകരായി അമ്മയുടെ ഭക്തര്‍, ജയലളിതക്കായി സ്മാരകം ഉടന്‍ നിര്‍മ്മിക്കുമെന്ന് തമിഴ്നാട സര്‍ക്കാര്‍. ജയലളിത അന്ത്യവിശ്രമം കൊള്ളുന്ന മറീന ബീച്ചിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാനും അണികളുടെ ആത്മഹത്യ പോലുള്ള പ്രശ്നങ്ങള്‍ തടയാനും ഈ പ്രദേശം സദാ പോലീസ് നിരീക്ഷണത്തിലാണ്.
ശരീരം നേരിട്ട് കണ്ട് അന്ത്യോപചാരം അര്‍പ്പിക്കാന്‍ കഴിയാതിരുന്ന അനുയായികളാണ് മറീന ബീച്ചില്‍ ഏറെയും എത്തുന്നത്. കൂട്ടമായി തല മൊട്ടയടിച്ചും മണിക്കൂറുകളോളം ഉപവസിച്ചുമാണ് മറീന വിടുന്നത്. ഇവിടെ സായുധ സേനാംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ഞൂറു പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
വൈകാരിക പ്രകടനം മുന്നില്‍കണ്ട് അന്ത്യവിശ്രമസ്ഥലത്തിനു ചുറ്റും പൊലീസ് ബാരിക്കേഡ് തീര്‍ത്തിട്ടുണ്ട്. ജയലളിതയെ അടക്കിയ ശവപ്പെട്ടിയും സായുധ പൊലീസ് സാന്നിധ്യം അനിവാര്യമാക്കിയിട്ടുണ്ട്. മൃതദേഹത്തോടൊപ്പം ജയ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചില വസ്തുക്കളും ഉണ്ടെന്ന പ്രചാരണവുമുണ്ട്. തമിഴ്നാട്ടിലെങ്ങും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രാര്‍ഥന ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.
അതിനിടെ, ജയലളിതക്കായി സ്മാരകം നിര്‍മിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ഒരുക്കം തുടങ്ങി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം അളന്ന് പ്ലാന്‍ തയാറാക്കി ജോലി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല