സ്വന്തം ലേഖകന്‍: പാക്കിസ്ഥാനുള്ള പത്ത് കോടി ഡോളറിന്റെ വായ്പ ലോകബാങ്ക് പിന്‍വലിച്ചു. പദ്ധതിയുടെ നടത്തിപ്പില്‍ സുയി സതേണ്‍ വാതക കമ്പനി താല്പര്യം കാണിക്കാത്തതിനെ തുടര്‍ന്നാണ് ലോകബാങ്കിന്റെ നടപടി.
പ്രകൃതിവാതക പദ്ധതിക്കായാണ് ലോകബാങ്ക് തുക അനുവദിച്ചത്. സുയി സതേണ്‍ ഗ്യാസ് കമ്പനിയായിരുന്നു പദ്ധതി ഏറ്റെടുത്ത് നടത്തിയിരുന്നു. പദ്ധതിയുടെ വികസനത്തിനായി കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ നീക്കമോ താല്പര്യമോ ഇല്ലാത്തതാണ് വായ്പ പിന്‍വലിക്കാന്‍ കാരണമായത്.
പൈപ്പ്ലൈന് വഴിയുള്ള വാതകവിതരണം മൂലം ഉണ്ടാകുന്ന വാണിജ്യ നഷ്ടവും മറ്റും പ്രക്യതി വാതക പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ കുറയും എന്ന ഉദ്ദേശത്തോടെയാണ് സുയി സതേണ്‍ ഗ്യസ് കമ്പനി പദ്ധതിയുടെ ചുമതല ഏറ്റെടുക്കുന്നത്.
എന്നാല്‍ പൈപ്പ് ലൈന്‍ വഴിയുള്ള വാതക വിതരണം വഴിയുണ്ടാകുന്ന വാണിജ്യ നഷ്ടം പരിഹരിക്കാന്‍ കഴിയാതായതാണ് പ്രകൃതിവാതക പദ്ധതിയുടെ താളം തെറ്റിച്ചത്. ലോകബാങ്കിന്റെ നടപടി അന്താരാഷ്ട്ര രംഗത്ത് പാകിസ്താന് ഇനി ലഭിക്കാനിരിക്കുന്ന വായ്പകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല