സ്വന്തം ലേഖകന്‍: ചൈനയിലെ യൂണിവേഴ്സിറ്റികളും കോളജുകളും കമ്യൂണിസ്റ്റ് പാര്‍ട്ടി നയങ്ങള്‍ നടപ്പിലാക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള സ്ഥാപനങ്ങള്‍ കമ്യൂണിസ്റ്റ് നേതൃത്വവുമായി യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് ചിന്‍പിംഗ് നിര്‍ദേശിച്ചതായി സിന്‍ഹുവാ റിപ്പോര്‍ട്ടു ചെയ്തു.
പാര്‍ട്ടിയുടെ നയങ്ങള്‍ പൂര്‍ണമായി നടപ്പാക്കണം. പാശ്ചാത്യ മൂല്യങ്ങള്‍ പ്രചരിക്കുന്നതു തടയണം. ഇതിനായി പ്രത്യേക ഇന്‍സ്പെക്ടര്‍മാരെ അടുത്തയിടെ പാര്‍ട്ടിയുടെ അച്ചടക്ക, അഴിമതി വിരുദ്ധ സമിതി കലാലയങ്ങളിലേക്ക് അയച്ചിരുന്നു. ചിന്‍പിംഗ് കമ്യൂണിസ്റ്റ് പാര്‍ട്ടി മേധാവിയായതിനെത്തുടര്ന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പാര്‍ട്ടി ലൈനിനു വിരുദ്ധമായി പ്രവര്‍ത്തിച്ച അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവരെ ജയിലില്‍ അടച്ചു.
എന്നാല്‍, എതിര്‍ശബ്ദത്തെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് വിദ്യാഭ്യാസരംഗത്തെ അടിച്ചേല്പിക്കല് എന്നാണ് വിദഗ്ധ അഭിപ്രായം.
പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍നിന്ന് പുറത്തുപോകുന്നുവെന്ന് ഭയപ്പെടുന്ന മാധ്യമ, വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സര്‍ക്കാറില്‍നിന്ന് പ്രതീക്ഷിക്കാമെന്ന് ചൈനീസ് ലോ ആന്‍ഡ് പൊളിറ്റിക്സ് വിദഗ്ധനായ ന്യൂയോര്‍ക്കിലെ ഫോര്‍ഡാം യൂനിവേഴ്സിറ്റി പ്രഫസര്‍ കാള്‍ മിന്സര് പറഞ്ഞു.
സ്കൂളുകളും കോളജുകളും കമ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരെ തിരിയാന്‍ സാധ്യതയുണ്ടെന്നും എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നേക്കാമെന്നുമുള്ള സൂചനയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല