സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കലില്‍ വലഞ്ഞ് ടൂറിസ്റ്റുകളും, മൂന്നാറില്‍ പണമില്ലാതെ വിദേശി ഭക്ഷണം കഴിച്ച ഹോട്ടലില്‍ നിന്ന് എഴുന്നേറ്റോടി. എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ കഴിയാതെ രണ്ട് ദിവസമായി പട്ടിണിയിലായിരുന്ന വിദേശിയാണ് ഭക്ഷണം കഴിച്ച ശേഷം ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയത്. ഹോട്ടലുടമകള്‍ പിന്തുടര്ന്ന് വിദേശിയെ പിടികൂടിയെങ്കിലും പണമില്ലെന്ന് വ്യക്തമായതോടെ ഇയാളെ വിട്ടയച്ചു.
അക്കൗണ്ടില്‍ പണം നിക്ഷേപിച്ച ശേഷം ഇന്ത്യ സന്ദര്‍ശിക്കാനിറങ്ങിയ യു.എസ് പൗരനാണ് വെട്ടിലായത്. ഇന്ത്യയില്‍ എത്തിയപ്പോള്‍ ആവശ്യത്തിന് പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നു. കൊച്ചിയില്‍ വിമാനം ഇറങ്ങിയ യു.എസ് യുവാവ് ആദ്യം കൊച്ചിയിലെ എ.ടി.എമ്മുകളിലെല്ലാം പണം നോക്കി. തുടര്‍ന്ന് മൂന്നാറില്‍ എത്തിയ യുവാവിന് അവിടെ നിന്നും പണം ലഭിച്ചില്ല.
വെള്ളം മാത്രം കുടിച്ച് ജീവിച്ചിരുന്ന ഇയാള്‍ വിശപ്പ് സഹിക്കാതായതോടെ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുകയായിരുന്നു. കാര്‍ഡ് സ്വീകരിക്കില്ലെന്ന് ഹോട്ടല്‍ ഉടമ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ കറന്‍സി കയ്യിലില്ലെന്ന വിവരം മറച്ച് വച്ച് ഭക്ഷണം കഴിച്ച ഇയാള്‍ ഒടുവില്‍ ഓടി രക്ഷപെടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല