സ്വന്തം ലേഖകന്‍: നൈജീരിയയില്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണ് 60 പേര് കൊല്ലപ്പെട്ടു. തെക്ക് കിഴക്കന്‍ നൈജീരിയയിലെ ഒയോയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മേല്കൂരയാണ് തകര്‍ന്നു വീണത്. ബിഷപ്പിന് പട്ടം നല്കുന്ന ചടങ്ങ് പുരോഗമിക്കുന്നതിനിടെ റീഗ്നേഴ്സ് ബൈബിള്‍ ചര്‍ച്ചിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു.
അപകടം സംഭവിക്കുമ്പോള്‍ അക്വഇബോം സ്റ്റേറ്റ് ഗവര്‍ണര്‍ ഉദം ഇമ്മാനുവല്‍ പള്ളിയില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഗവര്‍ണര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പള്ളി നിര്‍മാണ ഘട്ടത്തിലായിരുന്നുവെന്നും ബിഷപ്പിനെ വാഴിക്കാനുള്ള ചടങ്ങിന് വേണ്ടി വേഗത്തില്‍ പൂര്‍ത്തിയാക്കിയതാണെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
മേല്‍കൂര നിര്‍മാണത്തിന് ഉപയോഗിച്ച ലോഹ കഴുക്കോലുകളും തകിടുകളുമാണ് തകര്‍ന്നു വീണത്. സംഭവത്തില്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ദുഃഖം രേഖപ്പെടുത്തി. അപകടത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതായി ഗവര്‍ണറുടെ വക്താവ് എരറ്റെ ഉദോവ് അറിയിച്ചു. 2014ല്‍ നൈജീരിയയിലെ ലാവോസില്‍ പള്ളി ഹോസ്റ്റല്‍ തകര്‍ന്ന് നിരവധി പേര് മരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല