സ്വന്തം ലേഖകന്‍: ട്രംപിനെ ജയിപ്പിച്ചത് റഷ്യന്‍ ഇടപെടലുകളെന്ന് സിഐഎ, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുതിയ വിവാദം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ റഷ്യ സഹായിച്ചെന്ന് അമേരിക്കന്‍ സെന്‍ട്രന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ രഹസ്യ റിപ്പോര്‍ട്ട് ആരോപിക്കുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്നതിലുപരി ട്രംപിനെ വിജയിപ്പിക്കുകയായിരുന്നു റഷ്യയുടെ ലക്ഷ്യമെന്നും സിഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനെ ശക്തമായി നിഷേധിച്ചു ട്രംപ് ക്യാമ്പ് രംഗത്തെത്തി. മുന്‍ ഇറാക്ക് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ കൈവശം ആണവായുധങ്ങള്‍ ഉണ്ടെന്നു പ്രചരിപ്പിച്ചവര്‍ തന്നെയാണ് ഈ നുണകളും പറയുന്നതെന്നായിരുന്നു ട്രംപ് ക്യാമ്പിന്റെ പ്രതികരണം.
റഷ്യന്‍ ഗവണ്മെന്റുമായി നേരിട്ടു ബന്ധം പുലര്‍ത്തിയിരുന്നവരെ സിഐഎ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇവര്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹില്ലരിയുടേതടക്കം എതിര് ചേരിയിലെ പലരുടെയും ഇ–മെയിലുകള്‍ വീക്കിലിക്സിനു ചോര്‍ത്തിനല്‍കി.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്തുണ്ടായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും വിദേശ ഇടപെടലുകളെക്കുറിച്ചും അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിട്ടതിനു പിന്നാലെയാണ് സിഐഎ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
എന്നാല്‍, തന്റെ വിജയത്തിനായി റഷ്യ പ്രവര്‍ത്തിച്ചെന്ന റിപ്പോര്‍ട്ട് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളി. സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ റഷ്യയോ ചൈനയോ ആകാമെന്നും അദ്ദേഹം ടൈം മാഗസിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല