സ്വന്തം ലേഖകന്‍: കൊളംബിയന്‍ പ്രസിഡന്റ് സാന്റോസ് സമാധാന നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഓസ്ലോ സിറ്റിഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടു നടത്തിയ പ്രസംഗത്തില്‍ സാഹിത്യ നൊബേല്‍ ജേതാവ് ബോബ് ഡിലന്റെ ബ്‌ളോയിംഗ് ഇന്‍ ദ വിന്‍ഡ് എന്ന പ്രശസ്ത യുദ്ധവിരുദ്ധഗാനത്തിലെ ഈരടിയും ഹുവാന്‍ മാനുവല്‍ സാന്റോസ് ഉദ്ധരിച്ചു.
ദക്ഷിണാഫ്രിക്കയിലെയും വടക്കന്‍ അയര്‍ലന്‍ഡിലെയും സമാധാന പ്രക്രിയയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊളംബിയന്‍ സര്‍ക്കാരും മാര്‍ക്‌സിസ്റ്റ് ഫാര്‍ക് ഗറില്ലകളും സമാധാനക്കരാറില്‍ ഒപ്പുവച്ചതെന്നു സാന്റോസ് പറഞ്ഞു.
സ്വര്‍ണമെഡലും ഫലകവും 870,000 ഡോളറിന്റെ ചെക്കും സാന്റോസ് ഏറ്റുവാങ്ങി. ആഭ്യന്തരയുദ്ധത്തില്‍ 32 ബന്ധുക്കള്‍ കൊല്ലപ്പെട്ട ലെയ്‌നര്‍ പലാസിയോ ഉള്‍പ്പെടെ ഏതാനും പേരും വേദിയില്‍ സാന്റോസിനൊപ്പം നിരന്നു. ഗറില്ലകള്‍ മാപ്പുചോദിച്ചു, പലാസിയോ അവരോടു ക്ഷമിച്ചു. സാന്റോസ് പറഞ്ഞപ്പോള്‍ പലാസിയോ തലകുലുക്കി സമ്മതിച്ചു. സദസ്യര്‍ ഹര്‍ഷാരവം മുഴക്കി.
മറ്റ് അഞ്ചുവിഭാഗങ്ങളിലുള്ള നൊബേല്‍ പുരസ്‌കാര ജേതാക്കള്‍ക്ക് സ്റ്റോക്‌ഹോമിലെ ചടങ്ങിലാണു പുരസ്‌കാരം നല്‍കിയത്. പുരസ്‌കാരം വാങ്ങാന്‍ എത്തില്ലെന്നു സാഹിത്യനൊബേല്‍ ജേതാവ് ബോബ് ഡിലന്‍ അറിയിച്ചിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉണ്ടെന്നാണ് അദ്ദേഹം നൊബേല്‍ കമ്മിറ്റിയെ അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല