സ്വന്തം ലേഖകന്‍: ഇറ്റലില്‍ വിദേശകാര്യ മന്ത്രിയായിരുന്ന പൗലോ ജെന്റിലോനിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഭരണഘടന ഭേദഗതിക്കുള്ള ഹിതപരിശോധന പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിയോ റെന്‍സി പ്രധാനമന്ത്രിപദം രാജിവെച്ചതിനാലാണിത്. റെന്‍സിയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിശ്വസ്തനാണ് ഈ 62കാരന്. ജെന്റിലോനിയോട് പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനും പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല ആവശ്യപ്പെട്ടു.
പഴയ സര്‍ക്കാറിന്റെ ചട്ടക്കൂടില്നിന്നുതന്നെ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപവത്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇറ്റലിയില്‍ ജനഹിത പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് പ്രധാനമന്ത്രി മാറ്റിയോ റെന്‍സി രാജി പ്രഖ്യാപിച്ചത്. റെന്‍സി മുന്നോട്ടുവച്ച ഭരണഘടനാ പരിഷ്കാരങ്ങളെ 42–46% ആളുകള്‍ അനുകൂലിച്ചപ്പോള്‍ 54–58% ജനങ്ങള്‍ എതിര്‍തെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കി.
പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ അധികാരങ്ങള്‍ ചുരുക്കുക, സെനറ്റ് ഘടന മാറ്റുക, പ്രാദേശിക–പ്രവിശ്യാ ഭരണകൂടങ്ങളുടെ അധികാരം കേന്ദ്രഗവണ്‍മെന്റിലാക്കുക എന്നീ നിര്‍ദേശങ്ങളിലായിരുന്നു ജനഹിത പരിശോധന നടത്തിയത്. റെന്‍സിയുടെ പാര്‍ട്ടിയും സഖ്യകക്ഷികളും ബിസിനസ് സമൂഹവും റെന്‍സിവച്ച പരിഷ്കാരങ്ങളെ അനുകൂലിപ്പോള്‍ പ്രതിപക്ഷം മുഴുവന്‍ എതിര്‍ത്തു.
സില്‍വിയോ ബെര്‍ലുസ് കോണിയുടെ യാഥാസ്ഥിതിക കക്ഷി ഫോഴ്സാ ഇറ്റാലിയ, ജനപ്രിയ നീക്കങ്ങളുടെ പാര്‍ട്ടി ഫൈവ്സ്റ്റാര്‍ മൂവ്മെന്റ്, തീവ്രവലതുപക്ഷമായ നോര്‍തേണ്‍ ലീഗ് എന്നിവയും റെന്‍സിയുടെ പാര്‍ട്ടിക്കാരനായ മുന്‍ പ്രധാനമന്ത്രി മാസിമോ ഡി അലേയും നിര്‍ദേശങ്ങളെ എതിര്‍ത്തു. പ്രധാനമന്ത്രി കൂടുതല്‍ അധികാരങ്ങള്‍ കേന്ദ്രീകരിക്കാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല