സ്വന്തം ലേഖകന്‍: ഭീകര വിരുദ്ധ മുന്നണിക്കായി സൗദിയുമായി കൈകോര്‍ക്കാന്‍ ഒരുങ്ങി ഇറാന്. ബദ്ധശത്രുവായ സൗദി അറേബ്യയെ ഉള്‍പ്പെടുത്തി മുസ്ലിം രാഷ്ട്രങ്ങളുടെ ഭീകരവിരുദ്ധ മുന്നണി രൂപവത്കരിക്കാന്‍ ഇറാന്റെ നീക്കം. സാമ്പത്തിക സഹകരണവും ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. ഇറാന് പാര്‍ലമെന്റ് വക്താവ് അലി ലാരിജാനിയാണ് ഇക്കാര്യം അറിയിച്ചത്.
സൗദിയും മറ്റു രാജ്യങ്ങളും ഇറാന്റെ ശത്രുക്കളല്ലെന്ന് പറഞ്ഞ ലാരിജാനി, മേഖലയിലെ സമാധാനം ലക്ഷ്യമിട്ട് തുര്‍ക്കി, ഈജിപ്ത്, ഇറാഖ്, പാകിസ്താന്, എന്നീ രാജ്യങ്ങളുമായി ചേര്ന്നുനില്ക്കാന് തയാറാണെന്നും പറഞ്ഞു. മേഖലയില്‍ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ഇറാന് ശ്രമിക്കുന്നില്ല. തങ്ങള്‍ എപ്പോഴും ഊന്നല്‍ നല്‍കുന്നത് ഐക്യത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുന്നി വിഭാഗത്തിന് മേല്‍ക്കൈയുള്ള സൗദിയും ശിയാ രാജ്യമായ ഇറാനും സിറിയയിലും യമനിലും നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ വിഭിന്ന ചേരികള്‍ക്ക് പിന്തുണ കൊടുക്കുന്നവരാണ്. സൗദിയിലെ അറിയപ്പെടുന്ന ശിയാ പുരോഹിതനെ വധശിക്ഷക്ക് വിധേയനാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ ഇറാനും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു.
സൗദിയില്‍ ഈ വര്‍ഷമുണ്ടായ ‘ഇസ്ലാമിക സൈനിക സഖ്യം’ എന്ന പേരില്‍ 34 രാജ്യങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള ഭീകരവിരുദ്ധ മുന്നണി ഒരു വര്‍ഷം മുമ്പ് സൗദി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതില്‍ ഇറാനെ ഉള്‍പ്പെടുത്തിയിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല