സ്വന്തം ലേഖകന്‍: യുഎസിന്റെ തായ്വാന് നയം, ട്രംപിന് ചൈനയുടെ താക്കീത്. ഏക ചൈനാ നയത്തില്‍ ഉറച്ചുനില്ക്കേണ്ടയാവശ്യമില്ലായെന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരേയാണ് മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയത്.
ഫോക്സ് ന്യൂസ് സണ്‍ഡേയ്ക്കു നല്കിയ അഭിമുഖത്തിലാണ് നാലു പതിറ്റാണ്ടായി അമേരിക്ക പിന്തുണ നല്‍കിവന്ന ഏക ചൈനാ നയത്തെ ട്രംപ് തള്ളിക്കളഞ്ഞത്. എക്കാലവും ആ നയം പിന്തുടരാനുള്ള ബാധ്യത യുഎസിനില്ലെന്നായിരുന്നു ട്രംപ് അഭിമുഖത്തില്‍ പറഞ്ഞത്. ട്രംപ് ഈ നിലപാട് തുടര്‍ന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകരുമെന്നു ചൈനീസ് നയതന്ത്ര വക്താവ് അറിയിച്ചു.
ഏക ചൈനാ നയത്തില്‍ ഉറച്ചുനില്ക്കാന് അമേരിക്ക തയാറാവണമെന്ന് ആവശ്യപ്പെട്ട ചൈനീസ് വിദേശകാര്യ വക്താവ് ഗെംഗ് ഷുവാങ് തായ്വാന് ചൈനയുടെ അവിഭാജ്യഘടകമാണെന്ന് ചൂണ്ടിക്കാട്ടി. ചൈനാ–യുഎസ് ബന്ധങ്ങളുടെ രാഷ്ട്രീയ അടിസ്ഥാനം ഏകചൈന നയമാണെന്നും ഷുവാങ് ഓര്‍മിപ്പിച്ചു.
‘ഒറ്റ ചൈന നയം വില്‍പനക്കുള്ളതോ വിലപേശലിനുള്ളതോ അല്ല. എന്തും വിലയ്ക്കെടുക്കാമെന്നാണാണ് ട്രംപിന്റെ വിചാരം. അമേരിക്കന്‍ ഭരണഘടനയ്ക്ക് വിലയിട്ടാല്‍ ജനങ്ങള്‍ അത് മാറ്റി പകരം സൗദി അറേബ്യയുടെയോ സിംഗപ്പൂരിന്റെയോ രാഷ്ട്രീയ നിയമവ്യവസ്ഥിതി നടപ്പിലാക്കുമോ’ എന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ചോദിക്കുന്നു.
റിപ്പബ്ലിക് ഓഫ് ചൈന എന്നാണ് തായ്വാന് അവരെ സ്വയം വിശേഷിപ്പിക്കുന്നത്. തായ്വാനുമായുള്ള ബന്ധം വഷളായ 1979 മുതല്‍ ഒറ്റ ചൈന നയത്തെ അമേരിക്ക അനുകൂലിക്കുന്നുണ്ട്. അങ്ങനെ പറയുന്നതിലൂടെ തായ്വാന് ചൈനയുടെ ഭാഗമാണെന്ന് അമേരിക്ക സമ്മതിക്കുകയാണ്. എന്നാല്‍ വര്‍ഷങ്ങളായുള്ള അമേരിക്കയുടെ ഈ നിലപാടാണ് ട്രംപ് അഭിമുഖത്തിലൂടെ അട്ടിമറിച്ച് ചൈനയെ ചൊടിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല