1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2016

സ്വന്തം ലേഖകന്‍: അലപ്പോയില്‍ സിറിയന്‍ സൈന്യത്തിന്റെ താണ്ഡവം, സാധാരണക്കാരെ കൂട്ടക്കുരുതി നടത്തിയതായി യുഎന്‍. കിഴക്കന്‍ അലപ്പോയിലെ വിമതരുടെ അവസാനത്തെ കേന്ദ്രവും ബശ്ശാര്‍ സൈന്യം ബോംബിങ്ങില്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. കണ്‍മുന്നില്‍ വന്നുപെടുന്ന സിവിലിയന്മാരെ വെടിവെച്ചു വീഴ്ത്തിയാണ് സൈന്യത്തിന്റെ മുന്നേറ്റം. സിവിലിയന്മാരെ കൂട്ടക്കുരുതി നടത്തുന്നതില്‍ യു.എന്‍ സെക്രട്ടറി ജനറലായിരുന്ന ബാന്‍ കി മൂണും ആശങ്കപ്പെട്ടു.

വീടുകളില്‍ അതിക്രമിച്ചു കയറി കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവരെ നിഷ്ഠുരമായി കൊന്നൊടുക്കുകയാണ്. നാലു വ്യത്യസ്ത ജില്ലകളിലായി 82 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി യു.എന്‍ മനുഷ്യാവകാശ വക്താവ് റൂപര്‍ട്ട് കൊള്‍വില്‌ളെ പറഞ്ഞു. കുട്ടികളും പുരുഷന്മാരുമുള്‍പ്പെടെ നിരവധി പേര്‍ കിഴക്കന്‍ അലപ്പോയിലെ സിറിയന്‍ സൈന്യത്തിന്റെ അന്യായ തടങ്കലില്‍ കഴിയുകയാണ്. ഇതിന്റെ ചിത്രം സര്‍ക്കാര്‍ അനുകൂല എം.പിമാര്‍ പ്രസിദ്ധപ്പെടുത്തി. കിഴക്കന്‍ അലപ്പോയുടെ 98 ശതമാനവും സൈന്യം കീഴടക്കിയതായി റഷ്യന്‍ സൈന്യം പ്രഖ്യാപിച്ചു. റഷ്യ, ഇറാന്‍ ചേരികളുടെ പിന്തുണയോടെയാണ് സൈന്യത്തിന്റെ നീക്കം.

അലപ്പോയില്‍ നടക്കുന്നത് കൂട്ടക്കൊലയാണെന്ന് മനുഷ്യാവകാശ നിരീക്ഷക സംഘങ്ങളും ആവര്‍ത്തിച്ചു. തെരുവുകളില്‍ വലിച്ചെറിയപ്പെട്ട നിലയില്‍ എണ്ണമറ്റ മൃതദേഹങ്ങള്‍ അനാഥമായിക്കിടക്കുന്നു. ഏതു നിമിഷവും ബോംബുകള്‍ വന്നു ചാരമാക്കുമെന്ന ഭയത്തിലാണ് ആളുകള്‍ കഴിയുന്നത്. സൈന്യത്തിന്റെ ചെയ്തികള്‍ അലപ്പോയെ മാനുഷിക ദുരന്തത്തിന്റെ അങ്ങേയറ്റത്തത്തെിച്ചിരിക്കുന്നതായി മറ്റൊരു യു.എന്‍ വക്താവ് ജെന്‍സ് ലായെര്‍ക് ചൂണ്ടിക്കാട്ടി.

അവശേഷിക്കുന്നവരെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് റെഡ്‌ക്രോസ് അഭ്യര്‍ഥിക്കുന്നു. അവശേഷിക്കുന്നവരെ യുദ്ധമേഖലയില്‍നിന്ന് ഒഴിപ്പിക്കാന്‍ തയാറാണെന്നും അവര്‍ അറിയിച്ചു.

കിഴക്കന്‍ അലപ്പോയില്‍ രണ്ടരലക്ഷം ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ലോകത്തിന്റെ നാനാദിക്കുകളിലേക്ക് സഹായമഭ്യര്‍ഥിച്ചുള്ള അവരുടെ സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. ”ദയവായി ഞങ്ങളുടെ കഥ ലോകത്തോടു പറയു” കിഴക്കന്‍ അലപ്പോയില്‍നിന്ന് പ്രവഹിക്കുന്ന സന്ദേശങ്ങളില്‍ ഒന്നാണിത്.

കിഴക്കന്‍ അലപ്പോയില്‍നിന്ന് സര്‍ക്കാര്‍ അധീന കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യുന്നവരില്‍ ചിലര്‍ പട്ടിണിയും കൊടുംതണുപ്പും സഹിക്കാന്‍ കഴിയാതെ മരിച്ചുവീഴുന്ന ദുരന്തത്തിന്റെ നേര്‍ക്കാഴ്ച ഡോക്ടര്‍മാരും വിവരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.