സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനും ക്യൂബയും അടുക്കുന്നു, സഹകരണത്തിന് സുപ്രധാന കരാര്‍ ഒപ്പുവച്ചു. തിങ്കളാഴ്ച ബ്രസല്‍സില്‍ നടന്ന ചടങ്ങില്‍ ഇയു വിദേശനയവിഭാഗം തലവന്‍ ഫെദറിക മൊഗെറിനിയും ക്യൂബന്‍ വിദേശമന്ത്രി ബ്രൂണോ റോഡ്‌റിഗുമാണ് കരാറില്‍ ഒപ്പുവച്ചത്.
ഇയു അംഗങ്ങളായ 28 രാജ്യങ്ങളും ക്യൂബയും തമ്മിലുള്ള ബന്ധങ്ങളില്‍ പുതിയ കരാര്‍ വലിയ മാറ്റങ്ങള്‍ വരുത്തും. നയതന്ത്ര, യാത്രാതടസങ്ങള്‍ ഇത് ഇല്ലാതാക്കും. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ ഗണ്യമായി ക്യൂബയിലെത്തും. ക്യൂബയുടെ സാമ്പത്തിക പുരോഗതിയെ ഇത് വലിയതോതില്‍ സഹായിക്കും.
ഇരുപത് വര്‍ഷമായുള്ള നയത്തിനാണ് ഇയു മാറ്റം വരുത്തുന്നത്. വര്‍ഷങ്ങളായി ക്യൂബയെ ഉപരോധങ്ങളിലൂടെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ച അമേരിക്ക ക്യൂബയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതോടെയാണ് ഇക്കാര്യത്തില്‍ പുനഃപരിശോധനയ്ക്ക് ഇയുവും മുതിര്‍ന്നത്. 2014 ഡിസംബറിലാണ് അഞ്ച് ദശകം നീണ്ട ഉപരോധങ്ങള്‍ അവസാനിപ്പിച്ച് ക്യൂബയുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല