1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2016

സ്വന്തം ലേഖകന്‍: ജയലളിതയുടെ മരണശേഷവും വിവാദം ഒഴിയുന്നില്ല, സഹോദരീ പുത്രിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ജയലളിതയുടെ സംസ്‌ക്കാര ചടങ്ങുകള്‍ മുതല്‍ വെളിച്ചത്തേക്ക് വന്ന സഹോദരപുത്രി ദീപ ജയകുമാറിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ജയലളിതയെ ഓര്‍മ്മിപ്പിക്കുന്ന ശാരീരിക സാമ്യതകളുള്ള ദീപയെ കാണാനില്ലെന്ന് സഹോദരി അമൃതയെ ഉദ്ധരിച്ച് പുറത്തുവിട്ടിരിക്കുന്നത് ഒരു ബാംഗ്‌ളൂര്‍ പത്രമാണ്. തിങ്കളാഴ്ച താന്‍ ചെന്നൈയിലേക്ക് പോയെങ്കിലും ദീപയെ എങ്ങും കണ്ടെത്താനായില്ലെന്നുമാണ് അമുത പറയുന്നത്.

ദീപയുടെ വീട് പൂട്ടിയിട്ട നിലയിലാണ്. വേലക്കാരിയെയും അവിടെയെങ്ങും കാണാനില്ല. തിങ്കളാഴ്ച മുതല്‍ താന്‍ ദീപയെ ഫോണില്‍ വിളിക്കുകയാണ് കിട്ടുന്നില്ല. ശശികലയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനം നടത്തിയ സാഹചര്യത്തില്‍ തനിക്ക് ഭീതിയുണ്ടെന്നും ജയലളിതയുടെ സഹോദരിയുടെ മകള്‍ കൂടിയായ അമൃത പറഞ്ഞു. ജയലളിതയുടെ മരണത്തിന് പിന്നാലെ ജയയുടെ ഏറ്റവും അടുത്ത ആളായി പരിഗണിക്കുന്ന ശശികലയ്ക്കും എഐഎഡിഎംകെയിലെ അവരുടെ അടുത്ത പാര്‍ട്ടി നേതാക്കള്‍ക്കുമെതിരേ ?നേരത്തേ ദീപ ശക്തമായി പ്രതികരിച്ചിരുന്നു.

അതിനിടെ അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണാനന്തര ചടങ്ങുകള്‍ ഹിന്ദു ആചാര പ്രകാരം നടത്താത്തതില്‍ പ്രതിഷേധിച്ച് കുടുംബം രംഗത്തെത്തി. ജയലളിതയുടെ ആത്മാവിന് മോക്ഷം ലഭിക്കാന്‍ സംസ്‌ക്കാര ചടങ്ങുകള്‍ കുടുംബം വീണ്ടും നടത്തി. ജയലളിതയുടെ സംസ്‌ക്കാര ചടങ്ങുകള്‍ വേണ്ട വിധത്തിലല്ല നടത്തിയതെന്നും മൃതദേഹം ദഹിപ്പിച്ചാല്‍ മാത്രമേ മോക്ഷം ലഭിക്കൂ എന്നും അതിന് വേണ്ടിയാണ് ചടങ്ങുകള്‍ വീണ്ടും നടത്തുന്നതെന്നും ജയലളിതയുടെ അര്‍ദ്ധ സഹോദരന്‍ വരദരാജു പറഞ്ഞു.

അയ്യങ്കാര്‍ രീതിയിലുള്ള ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് വരദരാജു തന്നെയായിരുന്നു. ജയലളിതയുടെ ഭൗതീകദേഹമെന്ന സങ്കല്‍പ്പത്തില്‍ ഒരു മനുഷ്യ രൂപം വെയ്ക്കുകയും അതില്‍ മരണാനന്തരത്തില്‍ നടത്തേണ്ട ചടങ്ങുകള്‍ നടത്തുകയും ആയിരുന്നു. രംഗനാഥ് അയ്യങ്കാര്‍ എന്ന പൂജാരിയുടെ നേതൃത്വത്തിലാണ് പൂജ നടന്നത്. അടുത്ത അഞ്ചു ദിവസങ്ങളില്‍ ചടങ്ങുകള്‍ തുടരും.

അയ്യങ്കാര്‍ രീതിയിലുള്ള ചടങ്ങുകള്‍ ജയലളിതയ്ക്ക് നല്‍കാത്തതില്‍ കര്‍ണാടകയില്‍ നിന്നുള്ള അവരുടെ ബന്ധുക്കള്‍ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. സഹോദരി യുക്തിവാദി ആയിരുന്നില്ലെന്നും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ഹൈന്ദവാചാരം പിന്തുടരുകയും ചെയ്തിട്ടും ആചാരാനുഷ്ഠാനങ്ങളോടെ സംസ്‌ക്കാര കര്‍മ്മം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചത് എന്തിനാണെന്നും തങ്ങളെ ചടങ്ങില്‍ നിന്നും അകറ്റി നിര്‍ത്തിയത് എന്തിനാണെന്നും വരദരാജു ചോദിച്ചു.

വിഷം കൊടുത്തു കൊന്നതാണെന്ന ആരോപണം ഉള്‍പ്പെടെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങള്‍ നില നില്‍ക്കുകയും മരണം സിബിഐ അന്വേഷിക്കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയും കോടതികളില സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ബന്ധുക്കളും എല്ലാം സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. ജയലളിതയുടെ മരണം സംശയാസ്പദമാണെന്ന് കാണിച്ച് നേരത്തേ ഗൗതമി പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.