സ്വന്തം ലേഖകന്‍: ഗുണനിലവാരമില്ലാത്ത ഉല്പന്നങ്ങളും തെറ്റായ പരസ്യവും, ബാബ രാംദേവിന്റെ പതഞ്ജലിക്ക് 11 ലക്ഷം പിഴ. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യോഗാഗുരു ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുര്‍വേദ കമ്പനിയുടെ അഞ്ച് ഉല്പന്നങ്ങള്ക്ക് 11 ലക്ഷം രൂപ പിഴ അടക്കണമെന്ന് ഹരിദ്വാറിലെ കോടതി വിധിച്ചു.
ഒരുമാസത്തിനുള്ളില്‍ പിഴയടക്കണമെന്നാണ് ഉത്തരവ്. മറ്റു ചില സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന ഉല്പന്നങ്ങള് സ്വന്തം കമ്പനിയുടെ ലേബലില്‍ വില്പന നടത്തി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് ലളിത് നരെയ്ന് മിശ്ര കണ്ടത്തെി.
2012ല്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ജില്ല ഭക്ഷ്യ സുരക്ഷാവകുപ്പ് പതഞ്ജലിയുടെ കടുകെണ്ണ, ഉപ്പ്, പൈനാപ്പിള്‍ ജാം, തേന്‍, കടലമാവ് എന്നീ ഉല്പന്നങ്ങളില് നടത്തിയ പരിശോധനയില്‍ ഇവക്ക് മതിയായ ഗുണമേന്മയില്ളെന്ന് കണ്ടത്തെിയിരുന്നു. ഇതേതുടര്‍ന്നാണ് കേസെടുത്തത്.
രുദ്രാപൂരിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടത്തെിയത്. ഭാവിയില്‍ ഉല്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നില്ലെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ ജില്ല ഭക്ഷ്യ സുരക്ഷാവിഭാഗത്തിന് കോടതി നിര്‍ദേശം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല