സ്വന്തം ലേഖകന്‍: പുതിയ കറന്‍സിയുടെ 80 ശതമാനം എത്തിയാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രം, സഹകരണ മേഖലക്ക് പ്രത്യേക പരിഗണന നല്‍കും. സഹകരണ ബാങ്കുകളുടെമേലുള്ള നിയന്ത്രണമായിരിക്കും ആദ്യം എടുത്തുകളയുക എന്നാണു സൂചന. അസാധുവാക്കിയ നോട്ടുകളുടെ 50 ശതമാനം (7.5 ലക്ഷം കോടി രൂപ) തിരിച്ചെത്തിയതായും ബാങ്കുകളിലെ നീണ്ട ക്യൂ കുറഞ്ഞു തുടങ്ങിയെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു.
ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങി നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സംസ്ഥാനങ്ങളില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മനപൂര്‍വം പരിഭ്രാന്തി സൃഷ്ടിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നവംബര്‍ എട്ടിനാണ് 1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്. കൂടാതെ ബാങ്കുകളില്‍നിന്ന് ഒരാഴ്ച പരമാവധി 24,000 രൂപയും എ.ടി.എമ്മുകളില്‍നിന്നു പ്രതിദിനം പരമാവധി 2500 രൂപയുമാണു പിന്‍വലിക്കാന്‍ കഴിയുക.
അസാധുവാക്കപ്പെട്ട നോട്ടുകള്‍ക്കു പകരം 2000 രൂപയുടെ 200 കോടി നോട്ടുകളാണ് അച്ചടിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നാല് പ്രിന്റിങ് പ്രസുകളിലായി (മധ്യപ്രദേശിലെ ദേവാസ്, മഹാരാഷ്ട്രയിലെ നാസിക്, പശ്ചിമ ബംഗാളിലെ സല്‍ബോണി, കര്‍ണാടകയിലെ മൈസുരു) 500 രൂപയുടെ പുതിയ നോട്ടുകളും അച്ചടിച്ചുകൊണ്ടിരിക്കുകയാണ്. ജനുവരി മുതല്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനു നിയന്ത്രണം ഉണ്ടായിരിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല