സ്വന്തം ലേഖകന്‍: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി, ഇന്ത്യയിലെ ഒരു രാഷ്ട്രീയ കുടുംബത്തിന് 120 കോടി കോഴ നല്‍കിയതായി ഇടനിലക്കാരന്റെ ഡയറിക്കുറിപ്പ്. ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ മോഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുമായി 450 കോടി രൂപ കോഴ നല്‍കിയിട്ടുണ്ടെന്നാണ് ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ക്രിസ്ത്യന്‍ മിഷേലിന്റെ ഡയറിക്കുറിപ്പ് വ്യക്തമാക്കുന്നത്.
എന്നാല്‍ കോഴ വാങ്ങിയ പ്രമുഖ രാഷ്ട്രീയ കുടുംബം ഏതെന്ന വ്യക്തമായ സൂചനകള്‍ ഡയറിക്കുറിപ്പുകളില്ല. എന്‍ഫോഴ്‌സ്‌മെന്റ് പേമെന്റ് എന്ന പേരിലാണ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ കോഴ സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍ എപി എന്ന ചുരുക്കപ്പേരില്‍ ഡയറിയില്‍ സൂചിപ്പിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ കുറിച്ചാണെന്നും കോഴവാങ്ങിയ രാഷ്ട്രീയ കുടുംബം ഗാന്ധി കുടുംബമാണെന്നുമാണ് ബിജെപി ആരോപണമുന്നയിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗിയെ നേരത്തേ സിബി ഐ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ് ഇപ്പോള്‍ അഴിമതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക് നീക്കുന്നതിന് ഇത് സിബിഐ യെ സഹായിക്കും.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിക്ക് കരാര്‍ അനുവദിക്കുന്നതിനായി മാനദണ്ഡങ്ങളില്‍ ഇളവു വരുത്താന്‍ എസ്പി ത്യാഗി തയാറായി എന്നാണ് സിബിഐ കേസ്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയാണിത് എന്നാണ് ത്യാഗി സിബിഐ യോട് വിശദീകരിച്ചിരിക്കുന്നത്.
ഇന്നലെ പാര്‍ലമെന്റിലും അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ വലിയ ബഹളത്തിടയാക്കി. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും കിരണ്‍ റിജിജുവിനെതിരായ ആരോപണവും പ്രതിപക്ഷം ഉയര്‍ത്തിയപ്പോള്‍ കിസ്ത്യന്‍ മിഷേലിന്റെ ഡയറിക്കുറിപ്പാണ് ഭരണപക്ഷം ആയുധമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അഴിമതി ആരോപണം ലോക്‌സഭയില്‍ വ്യക്തമാക്കുമെന്ന് പറഞ്ഞിരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ല.
അഗസ്റ്റവെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന വിശദീകരണവുമായി മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എകെ ആന്റണി രംഗത്തെത്തി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ജനരോഷം മറയ്ക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം ആരോപിച്ചു. വ്യോമസേനയുടെ സമ്മര്‍ദത്തിന്റെ ഫലമായാണ് ഹെലികോപ്റ്റര്‍ ഇടപാടിലേക്ക് നീങ്ങിയതെന്നും ഇക്കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല