1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2016

സ്വന്തം ലേഖകന്‍: കിഴക്കന്‍ ആലപ്പോയില്‍ കുടിയൊഴിപ്പിക്കലിന് വീണ്ടും ധാരണ, ഒഴിഞ്ഞു പോകുന്നവര്‍ക്ക് എതിരെയും സൈന്യം ആക്രമണം നടത്തുന്നതായി ആരോപണം. വിമതര്‍ വെടിയുതിര്‍ത്തതായി ആരോപിച്ചാണ് സിറിയന്‍ സൈന്യം ഒഴിപ്പിക്കല്‍ തടസപ്പെടുത്തിയിരുന്നത്. ഒഴിപ്പിക്കല്‍ വീണ്ടും തുടങ്ങാന്‍ വിമതരും സിറിയന്‍ ഗവണ്‍മെന്റും തമ്മില്‍ തുര്‍ക്കിയുടേയും റഷ്യയുടേയും മധ്യസ്ഥതയില്‍ ധാരണയായി.

ബശ്ശാര്‍ അല്‍അസദ് സര്‍ക്കാര്‍ സേനയുടെ നിയന്ത്രണത്തിലായ കിഴക്കന്‍ ആലപ്പോയിലെ ജനങ്ങളെയും വിമതരെയും പടിഞ്ഞാറന്‍ മേഖലയിലേക്കു ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കണമെന്നു സിറിയന്‍ സേന ആവശ്യം ഉന്നയിച്ചിരുന്നു.

ഈ ആവശ്യം വിമതര്‍ അംഗീകരിച്ചതോടെയാണ് ഒഴിപ്പിക്കലിനു വീണ്ടും ധാരണയായത്. വിമതരുടെ നിയന്ത്രണത്തിലുള്ള രണ്ടു ഷിയ ഗ്രാമങ്ങളില്‍ നിന്നുള്ള ഒഴിപ്പിക്കലും ലബനീസ് അതിര്‍ത്തിക്കു സമീപമുള്ള സിറിയന്‍സേനയുടെ നിയന്ത്രണത്തിലുള്ള ഗ്രാമങ്ങളില്‍നിന്ന് മുറിവേറ്റവരെ ഒഴിപ്പിക്കലും ഉള്‍പ്പെടുന്നതാണ് പുതിയ ധാരണയെന്നു വിമതനേതാവ് അല്‍– ഫാറൂക്ക് അബു ബക്കര്‍ മാധ്യമങ്ങളോടു പറഞ്ഞു.

അതിനിടെ, നഗരത്തില്‍നിന്നും കുടിയൊഴിഞ്ഞ് പോകുന്നവര്‍ക്ക് നേരെയും സൈന്യത്തിന്റെ ആക്രമണമുണ്ടായി. കുടിയൊഴിഞ്ഞ് പോകുന്നവരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. അലപ്പോ നഗരത്തിന് പുറത്തുവെച്ച് സര്‍ക്കാര്‍ നിയന്ത്രിത മേഖലയിലായിരുന്നു ആക്രമണം.

ആയിരത്തോളം പേര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം തടഞ്ഞ്, ആളുകളോട് വാഹനങ്ങളില്‍നിന്നും പുറത്തിറങ്ങാന്‍ സൈനികര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് റോഡില്‍ കമിഴ്ന്നുകിടക്കാന്‍ കല്‍പിച്ചു. കൈകള്‍ വിലങ്ങുകൊണ്ട് ബന്ധിച്ചശേഷം സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ചില സൈനികര്‍ സിവിലിയന്മാരില്‍നിന്നും പണം അപഹരിക്കുകയും ചെയ്തതായി കുടിയൊഴിഞ്ഞു പോകുന്നവര്‍ക്കൊപ്പം സഞ്ചരിച്ച അല്‍ജസീറ റിപ്പോര്‍ട്ടര്‍ പറഞ്ഞു.

ജബ്ഹത് ഫതഹ് അല്‍ ശാമിന്റെറയും ഇതര സായുധ വിമതരുടെയും നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് നഗരത്തിലേക്കാണ് കുടിയൊഴിപ്പിക്കപ്പെടുന്നവരെ കൊണ്ടുപോവുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മേഖലയിലൂടെ സഞ്ചരിച്ചുവേണം ഇദ്‌ലിബില്‍ എത്താന്‍ എന്നത് ഈ യാത്രയെ അഗ്‌നിപരീക്ഷണമാക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.