സ്വന്തം ലേഖകന്‍: ഇറാഖ് ഭരിക്കാന്‍ യോഗ്യന്‍ സദ്ദാം ഹുസൈന്, തൂക്കിലേറ്റിയ നടപടി തെറ്റായിപ്പോയതായി മുന്‍ സിഐഎ ഉദ്യോഗസ്ഥന്റെ കുറ്റസമ്മതം. 2003 ല്‍ ഇറാഖിലെ അമേരിക്കന്‍ അധിനിവേശ കാലത്ത് സദ്ദാം ഹുസൈനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരില്‍ ഒരാളായ ജോണ്‍ നിക്സണാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുസ്തകത്തില്‍ അമേരിക്കയിലെ ഇറാഖ് അധിനിവേശവും സദ്ദാംഹുസൈനെ തൂക്കിലേറ്റിയ നടപടിയും തെറ്റായ തീരുമാനമായിരുന്നെന്ന് സൂചിപ്പിക്കുന്നത്.
ഒളിത്താവളത്തില്‍ നിന്ന് സദ്ദാം ഹുസൈനെ കണ്ടെത്തിയ സഖ്യ സേനയില്‍ നിക്സണും ഉണ്ടായിരുന്നു. ‘സദ്ദാമിനെ ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി ‘ നിങ്ങള്‍ തോല്ക്കാന് പോവുകയാണ്. ഇറാഖിനെ ഭരിക്കുക എന്നത് അത്ര ലളിതമായ കാര്യമല്ലെന്ന് നിങ്ങള്‍ താമസിയാതെ തിരിച്ചറിയും’ .
എന്തുകൊണ്ടെന്ന് നിക്സണ് വീണ്ടും ചോദിച്ചപ്പോള്‍ സദ്ദാമിങ്ങനെ പറഞ്ഞു നിര്‍ത്തി ‘ നിങ്ങള്‍ പരാജയപ്പെടും, കാരണം നിങ്ങള്‍ക്ക് ഞങ്ങളുടെ ഭാഷയറിയില്ല, ഞങ്ങളുടെ ചരിത്രവും; എല്ലാത്തിനേക്കാളുപരി ഒരു അറബിയുടെ മനസ്സെന്തെന്ന് വായിക്കാന്‍ പോലും നിങ്ങള്‍ക്കാവില്ല’
‘ഇറാഖ് എന്ന ബഹുവര്‍ഗ്ഗ സമൂഹത്തെ നിയന്ത്രിക്കാന്‍ സദ്ദാമിനെപ്പോലെ ശക്തനായ , അനുകമ്പയില്ലാത്ത ഒരു ഭരണാധികാരിയെയാരുന്നു ആവശ്യം.
സുന്നി തീവ്രവാദികളെയും ഷിയ തീവ്രവാദികളെയും ഒരു പോലെ ഒതുക്കാന്‍ കെല്പുള്ള സദ്ദാമിന്റെ ഭരണമായിരുന്നു ഇറാഖിന് വേണ്ടിയിരുന്നതെന്ന്’ നിക്സണ് തന്റെ നിലപാട് വ്യക്തമാക്കുന്നു പുസ്തകത്തില്‍. ‘എന്റെ ഭരണത്തിന് മുമ്പ് കലാപവും ശണ്ഠയും മാത്രമായിരുന്നു ഇറാഖില്‍ നിന്ന് ഉയര്‍ന്നു കേട്ടത്. എല്ലാം ഞാന്‍ അവസാനിപ്പിച്ചു. ജനങ്ങളെ അനുസരിപ്പിക്കാനും പഠിപ്പിച്ചു’ ചോദ്യം ചെയ്യലിനിടെ നിക്സണോട് സദ്ദാം പറഞ്ഞ വാക്കുകളാണിവ.
ഒരര്‍ത്ഥത്തില്‍ സദ്ദാമായിരുന്നു ശരി എന്നാണ് മുന്‍ സി ഐ എ ഉദ്യോഗസ്ഥന് പറയാതെ പറയുന്നത്. ഐസിസിന്റെ തീവ്രവാദ പ്രവര്‍ത്തനവും ഇറാഖിനെയും സിറിയയെയും ചൂഴ്ന്നു നില്ക്കുന്ന ആഭ്യന്തര പ്രശ്നങ്ങളും കലാപങ്ങളും തുടര്‍ന്നുള്ള പലായനവും സദ്ദാം ജീവിച്ചിരുന്നെങ്കില്‍ സംഭവിക്കില്ലായിരുന്നു എന്നും നിക്സണ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല