1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2016

സ്വന്തം ലേഖകന്‍: ജനങ്ങള്‍ കലാപത്തിലേക്ക്, വെനിസ്വലയില്‍ നോട്ട് അസാധുവാക്കല്‍ നീക്കം മരവിപ്പിച്ചു. ഇന്ത്യയുടെ പാത പിന്തുടര്‍ന്ന് നോട്ട് അസാധുവാക്കല്‍ നടപടിയുമായെത്തിയ വെനസ്വലയില്‍ കടുത്ത കറന്‍സി ക്ഷാമം മൂലം ജനങ്ങള്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്നാണ് പദ്ധതി മരവിപ്പിച്ചത്.

പിന്‍വലിച്ച ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള 100 ബൊളിവര്‍ നോട്ടുകള്‍ ജനുവരി രണ്ടുവരെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് പ്രസിഡന്റ് നിക്കൊളാസ് മഡുറോ പറഞ്ഞു. സമയത്ത് പുതിയ നോട്ടുകള്‍ എത്തിക്കാന്‍ സാധിക്കാത്തതിനാലാണ് നടപടി മരവിപ്പിച്ചത്. നടപടിക്ക് പിന്നില്‍ അന്താരാഷ്ട്ര അട്ടിമറി നടന്നുവെന്ന് പ്രസിഡന്റ് നിക്കൊളാസ് മഡുറോ അരോപിച്ചു.

നോട്ട് അസാധുവാക്കിയ നടപടിയിലൂടെ രാജ്യത്ത് വന്‍തോതില്‍ പ്രക്ഷോഭവും കൊള്ളയും നടന്നിരുന്നു. ഇത് മൂലം നിരവധി ആളുകള്‍ക്ക് ബിസിനസ് നിര്‍ത്തേണ്ടി വന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രക്ഷോഭത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 32 പേരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

പഴയ നോട്ടുകള്‍ മാറ്റാന്‍ ജനങ്ങള്‍ക്ക് ദിവസങ്ങളോളം ക്യൂ നില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് രാജ്യത്ത് പ്രക്ഷോഭവും കൊള്ളയും നടന്നത്. ആയിരക്കണക്കിന് കടകള്‍ നോട്ട് അസാധുവാക്കല്‍മൂലം അടയ്‌ക്കേണ്ടിവന്നുവെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ക്രെഡിറ്റ് കാര്‍ഡുകളെയും, ബാങ്കിലൂടെയുള്ള പണം കൈമാറ്റത്തെയും മാത്രം ജനങ്ങള്‍ക്ക് ആശ്രയിക്കേണ്ടിവന്നു. ഭക്ഷണം വാങ്ങാന്‍പോലും കഴിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടിയതോടെയാണ് നടപടി താത്കാലികമായി മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കള്ളപ്പണം തടയാനും പണം സൂക്ഷിച്ചിരിക്കുന്ന കള്ളക്കടത്തുകാരെ തകര്‍ക്കാനും വേണ്ടിയാണ് നോട്ട് അസാധുവാക്കല്‍ നടപടിയെന്നാണ് പ്രസിഡന്റ് അവകാശപ്പെട്ടതെങ്കിലും അസാധുവാക്കല്‍ നടപടിയിലൂടെ കാര്യമായ ഗുണങ്ങള്‍ ഉണ്ടായില്ലെന്നാണ് ധനകാര്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.