സ്വന്തം ലേഖകന്‍: നിരോധനം വയറ്റത്തടിച്ചു, ഇന്ത്യന്‍ സിനിമകളുടെ വിലക്ക് നീക്കി നഷ്ടം നികത്താന്‍ പാക് തിയറ്ററുകളും വിതരണക്കാരും. പാകിസ്ഥാന് തീയറ്ററുകളില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തിങ്കളാഴ്ച മുതല്‍ പിന്‍വലിക്കുമെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉറി ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സിനിമാ ബന്ധത്തില്‍ വിള്ളല്‍ വീണത്. ഇന്ത്യന്‍ സിനിമകള്‍ക്കും ചാനലുകള്‍ക്കും പാകിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. നിരോധനത്തിലൂടെ ഇന്ത്യന്‍ സിനിമകളെ വിലക്കുകയല്ല, മറിച്ച് പ്രതിരോധത്തിന്റെ ഭാഗമായുള്ള നടപടികള്‍ സ്വീകരിക്കുക മാത്രമായിരുന്നു എന്നാണ് പാക് സിനിമാ വിതരണ വക്താവിന്റെ വിശദീകരണം.
സിനിമയെ ഒരു കൂട്ടായ്മയായി കണ്ടാണ് നിരോധനം അവസാനിപ്പിക്കുന്നതെന്ന് തിയറ്റര്‍ സംഘടനകളും അറിയിച്ചു. ഇന്ത്യന്‍ സിനിമകളെ പിന്തുണയ്ക്കാനാണ് ഞങ്ങള്‍ ഈ തീരുമാനമെടുത്തതെന്നും തിരിച്ചും ഈ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ചത് പാകിസ്ഥാനിലെ തിയറ്റര്‍ വ്യവസായത്തെ ബാധിച്ചതാണ് നിരോധനം പിന്‍വലിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സിനിമകള്ക്ര് വന്‍ ജനപ്രീതിയുള്ള പാകിസ്താനില്‍ സിനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ തിയറ്ററുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല