സ്വന്തം ലേഖകന്‍: മ്യാന്മറിലെ റോഹിങ്ക്യ മുസ്ലിങ്ങള്‍ക്കെതിരെ കൊലയും ബലാത്സംഗവും ആയുധമാക്കുന്നുവെന്ന് യുഎന്‍, ഓങ്സാന്‍ സൂചിക്കും വിമര്‍ശനം. മ്യാന്മറിലെ മുസ്ലീം ന്യൂനപക്ഷമായ റോഹിങ്ക്യകള്‍ക്കു നേരെയുള്ള വംശീയാതിക്രമങ്ങള്‍ അവസാനിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ യുഎന്‍ വീടുകള്‍ ചുട്ടെരിക്കലും കൊലയും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നയും വ്യക്തമാക്കി.
സംഭവത്തില്‍ ഇതുവരെ കാര്യമായി ഇടപെടാത്ത മ്യാന്മറില് നിന്നുള്ള രാഷ്ട്രീയ നേതാവുന് നൊബേല്‍ സമ്മാന ജേതാവുമായ ഓങ്സാന്‍ സൂചിയെ കുറ്റപ്പെടുത്തിയ യു.എന്‍ മനുഷ്യാവകാശ കമീഷനിലെ അംബാസഡര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന് ദീര്‍ഘവീക്ഷണമില്ലാത്തതും വിപരീതഫലം ഉളവാക്കുന്നതും നിര്ദയമായതുമായ സമീപനമാണ് സൂചിയുടേതെന്ന് തുറന്നടിച്ചു.
ഗുരുതര കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ അനുശാസിക്കുന്ന ഭരണകൂട കടമകള്‍ മറന്ന് ഇരകള്‍ക്കുനേരെ അവഹേളനം നടത്തുകയാണ്. വടക്കന്‍ രാഖൈന്‍ സംസ്ഥാനത്ത് നടമാടുന്ന പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതില്‍നിന്ന് സ്വതന്ത്ര സംഘങ്ങളെ തടയുന്നതായും മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ചര കോടിയോളം വരുന്ന മ്യാന്മര് ജനസംഖ്യയുടെ 15 ശതമാനത്തോളം വരുന്ന മുസ്ലിംകങ്ങള്‍ ഭൂരിപക്ഷവും താമസിക്കുന്നത് ബംഗ്ളാദേശ് അതിര്‍ത്തി പ്രദേശമായ ‘റക്കാന്‍’ പ്രവിശ്യയിലാണ്. റക്കാനില്‍ ജനസംഖ്യയുടെ 70 ശതമാനവും റോഹിങ്ക്യ മുസ്ലിംകളാണ്. ബുദ്ധ തീവ്രവാദികളില്‍നിന്ന് ക്രൂരമായ പീഡനമാണ് മ്യാന്മറിലെ ഏറ്റവും ദരിദ്രരും നിരക്ഷരരുമായ റോഹിങ്ക്യ മുസ്ലിംകള് ഏറ്റുവാങ്ങുന്നത്.
1978 ല്‍ മ്യാന്മര് സര്‍ക്കാര്‍ മൂന്നു ലക്ഷത്തിലേറെ മുസ്ലിംകളെ ബംഗ്ളാദേശിലേക്ക് നാടുകടത്തി. 1982 ല്‍ ഭരണകൂടം കുടിയേറ്റക്കാരെന്ന കുറ്റം ചുമത്തി മുസ്ലിംകളുടെ പൌരത്വം തന്നെ റദ്ദാക്കുകയും ചെയ്തു.
1992 ല്‍ മൂന്നു ലക്ഷത്തിലേറെ വരുന്ന മറ്റൊരു സംഘത്തെയും ബംഗ്ളാദേശിലേക്ക് നാടുകടത്തി. അവശേഷിക്കുന്നവരെ വംശീയമായി ഉന്മൂലനം ചെയ്യാനാണ് മ്യാന്മര് സൈന്യത്തിന്റെ സഹകരണത്തോടെ ബുദ്ധമത തീവ്രവാദികള്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനികരുടെ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് ആയിരക്കണക്കിന് റോഹിങ്ക്യകളാണ് ബംഗ്ളാദേശിലേക്കു പലായനം ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല