സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കല്‍, വീണ്ടും നിയന്ത്രണം, പഴയ 500, 1000 നോട്ടുകളില്‍ 5000 രൂപയില്‍ കൂടുതല്‍ നിക്ഷേപം ഇനി ഒറ്റത്തവണ. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട നിയന്ത്രണം ഡിസംബര്‍ 30 ന് അവസാനിക്കാനിരിക്കെ പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് ധനമന്ത്രാലയം വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി. പഴയ 500, 1000 നോട്ടുകളില്‍ 5000 രുപയില്‍ കൂടുതലുള്ള നിക്ഷേപം ഒറ്റത്തവണ മാത്രമേ അനുവദിക്കൂ.
അതേസമയം പിഴയടച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതി പ്രകാരം നിക്ഷേപിക്കാമെന്നുമാണ് പുതിയ നിര്‍ദേശം. നിക്ഷേപിക്കുന്നത് വലിയ തുകയെങ്കില്‍ ഉറവിടം വ്യക്തമാക്കേണ്ടി വരുമെന്നും ആദ്യ തവണയ്ക്ക് ശേഷം വരുന്ന എല്ലാ പണമടയ്ക്കലിനും എന്തുകൊണ്ടാണ് മുമ്പ് ഇത്രയും പണം നിക്ഷേപിക്കാതിരുന്നത് എന്നത് ഉള്‍പ്പെടെ പല രീതിയിലുള്ള കാരണം കാണിക്കേണ്ടി വരുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
അതുപോലെ തത്തുല്യമായ പണം മുന്നാമതൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റിയാല്‍ അയാളില്‍ നിന്നും മതിയായ അംഗീകാര പത്രവും വേണ്ടി വരും. കള്ളപ്പണത്തിനെതിരേയെന്ന് പറഞ്ഞ് നടത്തിയ നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിക്ക് ലക്ഷ്യം തെറ്റിയിരിക്കുകയാണ് എന്ന് ആക്ഷേപിച്ച് കേന്ദ്ര സര്‍ക്കാരിനും ആര്‍ബിഐയ്ക്കും എതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിരോധം ശക്തമാക്കുമ്പോഴാണ് പുതിയ നിര്‍ദേശം.
അതേസമയം പിന് വലിക്കാവുന്ന തുക ആഴ്ചയില്‍ 24,000 തന്നെയായിരിക്കും. നവംബര്‍ 8 ന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്ത കാലം വരെ സര്‍ക്കാര്‍ 50 ലധികം നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്.
സംശയാസ്പദമായ സാഹചര്യത്തിലുള്ള ഇടപാടുകാരുടെ സിസിടിവി ഫൂട്ടേജുകള്‍ സൂക്ഷിക്കണം എന്നും നിര്‍ദേശമുണ്ട്. പഴയ 500 രൂപ സ്വീകരിക്കാവുന്ന സര്‍ക്കാര്‍ സംവിധാനങ്ങളിലെ ചില കാര്യങ്ങളില്‍ പറഞ്ഞിരുന്ന സമയ ദൈര്‍ഘ്യം സര്‍ക്കാര്‍ കുറയ്ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല