സ്വന്തം ലേഖകന്‍: അലെപ്പോയില്‍ ഒഴിപ്പിക്കല്‍ നിരീക്ഷിക്കാന്‍ പ്രത്യേക യുഎന്‍ നിരീക്ഷകര്‍. വിമതരെ തുരത്തി സിറിയന്‍ സൈന്യം പിടിച്ച കിഴക്കന്‍ ആലപ്പോയില്‍നിന്നു ജനങ്ങളെ ഒഴിപ്പിച്ചു മാറ്റുന്നത് പരിശോധിക്കാന്‍ യുഎന്‍ നിരീക്ഷകരെ അയക്കാനുള്ള പ്രമേയം ഫ്രാന്‍സാണ് രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്. പ്രമേയം ഐകകണ്ഠ്യേന പാസായി.
ആലപ്പോയിലെ സിറിയന്‍ സൈനിക നടപടിയെ പിന്തുണയ്ക്കുന്ന റഷ്യ ഉള്‍പ്പെടെ രക്ഷാസമിതിയിലെ മുഴുവന്‍ അംഗങ്ങളും പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തത് സിറിയയില്‍ സമാധാന പ്രതീക്ഷ ഉണര്‍ത്തി. ആലപ്പോ മറ്റൊരു സ്രെബിനിക്ക ആയി മാറുന്നതു തടയാന്‍ അന്തര്‍ദേശീയ സാന്നിധ്യം ഉപകരിക്കുമെന്നു ഫ്രഞ്ച് സ്ഥാനപതി ഫ്രാങ്കോയിസ് ഡെലാറ്ററെ പറഞ്ഞു.
1995 ല്‍ ബോസ്നിയന്‍ സെര്‍ബ് സൈന്യം കൈയടക്കിയ സ്രെബിനിക്കയില് അരങ്ങേറിയ കൂട്ടക്കുരുതിയില്‍ ആയിരക്കണക്കിനു ബോസ്നിയക്കാര്‍ കൊല്ലപ്പെട്ടിരുന്നു. നിരീക്ഷകരെ അയയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു വേണ്ട നടപടിയെടുക്കാന്‍ ബാന്‍ കി മൂണിനോടു പ്രമേയം ആവശ്യപ്പെട്ടു. ഇതിനിടെ കിഴക്കന്‍ ആലപ്പോയില്‍നിന്നു ജനങ്ങളെ ഒഴിപ്പിക്കുന്ന പ്രക്രിയ പുനരാരംഭിച്ചു.
വിമതരുള്‍പ്പെടെ നേരത്തെ നിരവധി പേരെ ഒഴിപ്പിച്ചിരുന്നു. ഇന്നലെ 75 ബസുകളിലായി അയ്യായിരത്തോളം പേര് കിഴക്കന്‍ ആലപ്പോ വിട്ടെന്നു റെഡ്ക്രോസ് അറിയിച്ചു. കിഴക്കന്‍ ആലപ്പോയിലെ അനാഥശാലയിലെ 47 കുട്ടികളെ സുരക്ഷിതമായി ഒഴിപ്പിച്ചുമാറ്റിയെന്നു യുണിസെഫ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല