സ്വന്തം ലേഖകന്‍: ഉയര്‍ന്ന കറന്‍സി പിന്‍വലിക്കാന്‍ പാകിസ്താനും, 5000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കും. നിലവില്‍ പ്രയോഗത്തിലുള്ള ഉയര്‍ന്ന മൂല്യമുള്ള 5000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കാനുള്ള പ്രമേയം പാകിസ്താന് സെനറ്റ് പാസാക്കി. പാകിസ്താന് മുസ്ലീം ലീഗ് പാര്‍ട്ടി സെനറ്ററായ ഉസ്മാന് സെയ്ഫുള്ളയാണ് പ്രമേയം അവതരിപ്പിച്ചത്.
കള്ളപ്പണമായാണ് ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ ഉപയോഗിക്കുന്നതെന്നും ഇതിന് തടയിടുന്നതിനായാണ് നോട്ട് അസാധുവാക്കിയതെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇതോടെ ഇടപാടുകള്‍ക്ക് ബാങ്ക് അക്കൗണ്ടുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.
നോട്ട് അസാധുവാക്കലിലൂടെ വലിയ സാമ്പത്തീക മാന്ദ്യമുണ്ടാകുമെന്നും ജനങ്ങള്‍ കൂടുതലായി വിദേശ കറന്‍സിയെ ആശ്രയിക്കേണ്ടി വരുമെന്നും പാകിസ്താന് നിയമമന്ത്രി സഹിദ് ഹമീദ് പറഞ്ഞു. 3,40,000 കോടി നോട്ടുകളാണ് വിനിമയത്തിലുള്ളത്. അതില്‍ 1,02,000 കോടി നോട്ടുകള്‍ 5,000
ത്തിന്റെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ 1000ത്തിന്റെയും 500റിന്റെയും നോട്ടുകള്‍ അസാധുവാക്കിയതോടെ നോട്ട് ക്ഷാമം രൂക്ഷമായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍ വിമര്‍ശനം നേരിട്ടിരുന്നു. വെനസ്വലയിലും ജനങ്ങള്‍ കലാപം തുടങ്ങിയതിനെ തുടര്‍ന്ന് നോട്ട് അസാധുവാക്കല്‍ പിന്‍വലിക്കേണ്ടി വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല