സ്വന്തം ലേഖകന്‍: ആര്‍ട്ടിക്, അന്റാര്‍ട്ടിക് സമുദ്ര മേഖലകളിലെ എണ്ണ ഖനനത്തിന് സമ്പൂര്‍ണ നിരോധനം. ഖനന പ്രവര്‍ത്തനങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിരോധിച്ച് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിറക്കി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ഒബാമയും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
അധികാരം ഡോണള്‍ഡ് ട്രംപിന് കൈമാറുംമുമ്പ് പാരിസ്ഥിതിക വിഭവങ്ങള്‍ സംരക്ഷിക്കാനുള്ള ഒബാമയുടെ അവസാന ശ്രമമാണ് ഇതെന്നാണ് വിലയിരുത്തല്‍. സമുദ്ര വിഭവങ്ങള്‍ പാട്ടത്തിനു നല്‍കുന്നത് തടയാന്‍ പ്രസിഡന്റിന് അവകാശം നല്കുന്ന 1953 ലെ നിയമമുപയോഗിച്ചാണ് പുതിയ ഖനനം തടഞ്ഞ് ഉത്തരവിറക്കിയത്.
ഒബാമയുടെ തീരുമാനം മറികടക്കാന്‍ പിന്‍ഗാമിക്ക് ഏറെ കടമ്പകള്‍ കടക്കേണ്ടിവരും. എന്നാല്‍, ഉത്തരവിനെതിരെ ട്രംപ് കോടതിയില്‍ പോകുമെന്ന് സൂചനയുണ്ട്. അത്യപൂര്‍വമായ ആവാസവ്യവസ്ഥയാണ് ഇരു സമുദ്രങ്ങളുടെയും അടിത്തട്ടിലുള്ളതെന്ന് ഓര്‍മിപ്പിച്ച ഒബാമ, ഖനനത്തിന് ഏറ്റവും മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ യു.എസിന്റെ പക്കലുണ്ടെങ്കിലും, എണ്ണച്ചോര്ച്ചക്കുള്ള സാധ്യത നിലനില്‍ക്കുകയാണെന്നു പറഞ്ഞു. എണ്ണച്ചോര്‍ച്ചയുണ്ടായാല്‍ തടയാനുള്ള മാര്‍ഗങ്ങള്‍ പരിമിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫോസില്‍ ഇന്ധനങ്ങളും ഊര്‍ജസ്രോതസ്സുകളും പരമാവധി ചൂഷണം ചെയ്യണമെന്നാണ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട്. എണ്ണ ഖനനവും, പ്രകൃതി വിഭവങ്ങളുടെ ചൂഷണവും കാലാവസ്ഥ വ്യതിയാനത്തിന് കാരണമാവുന്നുവെന്ന വാദം ഗൂഢാലോചന സിദ്ധാന്തമാണെന്നും ട്രംപ് വാദിക്കുന്നു. കാലാവസ്ഥ വ്യതിയാനം തടയാന്‍ നിലവില്‍ വന്ന പാരിസ് ഉടമ്പടിയെ അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ഉടമ്പടിയെ തള്ളിപ്പറഞ്ഞവര്‍ക്കാണ് നിയുക്ത മന്ത്രിസഭയില്‍ ട്രംപ് സീറ്റ് നല്കിയതും. ഇതോടെ ഊര്‍ജസ്രോതസ്സുകളും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒബാമയുടെ മേല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ സമ്മര്‍ദം ശക്തമായിരുന്നു. പരിസ്ഥിതിപ്രവര്‍ത്തകര്‍ പുതിയ തീരുമാനം സ്വാഗതം ചെയ്തു രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയെ ദശകങ്ങള്‍ പിന്നോട്ടടിപ്പിക്കുന്ന തീരുമാനമാണ് ഒബാമയുടേതെന്ന് അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല