സ്വന്തം ലേഖകന്‍: കേരളത്തില്‍ സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നു, നിലവില്‍ ഓടുന്ന ചിത്രങ്ങളും പിന്‍വലിക്കാന്‍ നീക്കം. തീയേറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നതിനെ ചൊല്ലി തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും കൂട്ടായ്മയുമായുള്ള തര്‍ക്കമാണ് സംസ്ഥാനത്ത് സിനിമാ പ്രതിസന്ധിക്ക് കാരണം. ക്രിസ്മസ് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ട എന്ന തീരുമാനത്തിനു പിന്നാലെ നിലവില്‍ തീയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളും പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കളും വിതരണക്കാരും ഒരുങ്ങുന്നുതായാണ് സൂചന.
ക്രിസ്മസ് റിലീസ് അനുവദിച്ചില്ലെങ്കില്‍ നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന പിന്‍വലിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. പുലിമുരുകന്, കട്ടപ്പനയിലെ ഋത്വിക് റോഷന് തുടങ്ങിയ ചിത്രങ്ങള്‍ ലിബര്‍ട്ടി ബഷീര്‍ നേതൃത്വം നല്കുന്ന കേരള സിനി എക്സിബിറ്റേഴ്സ് ഫെഡറേഷനിലെ അംഗങ്ങളുടെ തീയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുമെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും അറിയിച്ചു. ഇവയ്ക്കു പുറമേ മികച്ച പ്രതികരണം ലഭിച്ച വിനീത് ശ്രീനിവാസന്റെ ആനന്ദം, സജീത് ജഗത്നന്ദന്റെ ഒരേമുഖം എന്നിവയും പ്രതിസന്ധിയിലാകും.
പകരം മള്‍ട്ടിപ്ലക്സുകളിലും സിനി എക്സിബിറ്റേഴ്സ് അസോസിയേഷന് അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള തീയേറ്റുകളിലും ബി ക്ലാസ് തീയേറ്ററുകളിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. തീയേറ്റര്‍ വിഹിതത്തിന്റെ അന്‍പത് ശതമാനം ലഭിക്കണമെന്ന് തിയേറ്റര്‍ ഉടമകള്‍ നിബന്ധന മുന്നോട്ടുവച്ചതോടെയാണ് ക്രിസ്മസ് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്ന് വിതരണക്കാരും നിര്‍മ്മാതാക്കളും തീരുമാനിച്ചത്.
പ്രശ്ന പരിഹാരത്തിന് സാംസ്കാരികമന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ തീയേറ്റര്‍ ഉടമകളും വിതരണക്കാരും നിര്‍മ്മാതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ജുഡീഷ്യല്‍ സ്വഭാവമുള്ള കമ്മീഷനെ നിയോഗിക്കാമെന്ന മന്ത്രിയുടെ നിര്‍ദേശവും സ്വീകാര്യമായില്ല. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന നിലപാടിലാണ് തീയേറ്റര്‍ ഉടമകള്‍.
നിലവില്‍ തീയേറ്റര്‍ കലക്ഷന്റെ 60 ശതമാനം നിര്‍മ്മാതാക്കള്‍ക്കും 40 തീയേറ്റര്‍ ഉടമകള്‍ക്കുമാണ്. ഇത് ഏകീകരിച്ച് 50 ശതമാനം വീതമാക്കണമെന്നാണ് തീയേറ്റര്‍ ഉടമകളുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നിര്‍മ്മാതാക്കളും പറയുന്നു. ക്രിസ്മസ് റിലീസുകളായ മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍, പൃഥ്വിരാജിന്റെ എസ്ര, ജയസൂര്യയുടെ ഫുക്രി എന്നിവ ഇതോടെ പ്രതിസന്ധിയിലായി. മലയാള സിനിമകളുടെ റിലീസിങ്ങ് അനിശ്ചിതത്വത്തിലായതോടെ ആമീര്‍ ഖാന്റെ ദങ്കല്‍ ഉള്‍പ്പെടെയുള്ള അന്യഭാഷ ചിത്രങ്ങള്‍ ഇത്തവണ കേരളത്തില്‍ നിന്ന് പണം വാരുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല