സ്വന്തം ലേഖകന്‍: വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം, തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിന്റെ വാദങ്ങള്‍ പൊളിയുന്നു, കോളേജ് അധികൃതര്‍ക്കെതിരെ ജനരോഷം ശക്തം. കോപ്പിയടിച്ചെന്ന പേരില്‍ കോളേജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്നാണ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതെന്നാണ് ജിഷ്ണുവിന്റെ മാതാപിതാക്കളും കൂട്ടുകാരും ആരോപിക്കുന്നത്. കോപ്പിയടി പിടിച്ച വിഷമത്തിലാണ് നാദാപുരം വളയം സ്വദേശിയായ ജിഷ്ണു ജീവനൊടുക്കിയതെന്നാണ് കോളജ് അധികൃതരുടെ വാദം.
എന്നാല്‍ ജിഷ്ണു കോപ്പിയടിച്ചെന്ന പാമ്പാടി നെഹ്‌റു കോളജിന്റെ വാദത്തിന് മറുപടിയായി കോപ്പിയടി സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ. ഷാബു മാധ്യമങ്ങളോട് പറഞ്ഞു. കോളജ് മാനേജ്‌മെന്റ് കെട്ടുകഥയുണ്ടാക്കുകയാണെന്ന് ജിഷ്ണുവിന്റെ ബന്ധുക്കളും നേരത്തെ വ്യക്തമാക്കിയിരുന്നു. കോപ്പിയടിച്ചാല്‍ പരീക്ഷയുടെ അന്നേദിവസം തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സര്‍വകലാശാല നിയമം.
എന്നാല്‍ കോളജ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം കോപ്പിയടിച്ച വിദ്യാര്‍ഥികളെ കുറിച്ച് കോളജ് റിപ്പോര്‍ട്ട് ചെയ്തുവെന്നും അന്വേഷണത്തിനായി പാമ്പാടി കോളജില്‍ എത്തിയ ഡോ.ഷാബു പറഞ്ഞു. അതേസമയം, കോളജിനെതിരെ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികള്‍ അക്കാഡമിക്ക് അഫിലിയേഷന്‍ പരിശോധിക്കുന്ന സമയം അന്വേഷിക്കുമെന്നും പരീക്ഷ കണ്‍ട്രോളര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ജിഷ്ണുവിനെ കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കോളജിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം വിദ്യാര്‍ഥി സംഘടനകള്‍ കോളേജിലേക്ക് നടത്തിയ പ്രകടനം ആക്രമാസക്തമാകുകയും കോളേജ് സമരക്കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല