ന്യൂദല്‍ഹി : സ്പെക്ട്രം അഴിമിതിക്കേസില്‍ ആരോപണവിധേയനായ ടെക്സ്റ്റൈല്‍ മന്ത്രി ദയാനിധി മാരന് രാജിവച്ചു. രാജിക്കത്ത് പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്ങിന് സമര്‍പ്പിച്ചു.
ഉച്ചയോടെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് സ്വന്തം വാഹനത്തിലെത്തിയ മാരന് പ്രധാനമന്ത്രിയെ കണ്ട് രാജി സമര്‍പ്പിക്കുകയായിരുന്നു. കുറച്ചുമുന്പ് നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ മാരന് പങ്കെടുത്തിരുന്നു. എന്നാല്‍ രാജിയെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.
മാരന്റെ കാര്യത്തില്‍ യാതൊരു സമ്മര്‍ദ്ദവും വേണ്ട എന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. അദ്ദേഹത്തിനെ രാജിയ്ക്ക് നിര്‍ബന്ധിക്കില്ലെന്നും സ്വയം രാജിവച്ചൊഴിയട്ടെ എന്നുമുള്ള സമീപമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.
സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരന് അധികാര ദുര്‍വിനിയോഗം നടത്തിയതിന് തെളിവുണ്ടെന്ന് സി.ബി.ഐ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് മാരന്റെ രാജിയ്ക്ക് സമ്മര്‍ദ്ദമേറിയത്.
എയര്‍സെല്‍ എന്ന ടെലികോം കമ്പനിയെ മലേഷ്യയിലെ മാക്സിസ് എന്ന സ്ഥാപനത്തിനു വില്ക്കാന് എയര്‍സെല്‍ ഉടമ ശിവശങ്കരനുമേല്‍ മാരന് സമ്മര്‍ദ്ദം ചെലുത്തിയതായി സി.ബി.ഐ ബോധിപ്പിച്ചിരുന്നു.. മാരന്റെ സുഹൃത്ത് ടി. അനന്തകൃഷ്ണന്റെ കമ്പനിയാണ് മാക്സിസ്. എയര്‍സെല്ലിന് മാരന് ടെലികോം ലൈസന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് കമ്പനി മാക്സിന് വില്ക്കാന് ശിവശങ്കരമേനോന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. മാരന്റെ സമ്മര്‍ദ്ദ തന്ത്രമാണ് ഇതെന്നതിന് തെളിവുണ്ടെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
ടെലികോം ഉദ്യോഗസ്ഥര്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തിട്ടും എയര്‍സെല്ലിന് ലൈസന്‍സ് നല്‍കാനുള്ള ഫയലില്‍ മാരന് ഒപ്പുവച്ചില്ല. എയര്‍സെല്ലിനെ മാക്സിസ് ഏറ്റെടുത്തയുടന്‍ ലൈസന്‍സ് അനുവദിക്കുകയും ചെയ്തു. പിന്നീട് നാലുമാസം കഴിഞ്ഞപ്പോള്‍ മാക്സിസിന്റെ സഹോദര സ്ഥാപനമായ ആസ്ട്രോ മാരന് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടെലിവിഷന്‍ കമ്പനിയില്‍ 675 കോടി രൂപ നിക്ഷേപിച്ച് ഓഹരി പങ്കാളിത്തം നേടിയെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
സെപ്ക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് രാജിവയ്ക്കുന്ന രണ്ടാമത്തെ ഡി.എം,കെ മന്ത്രിയാണ് മാരന്. ടെലികോം മന്ത്രിയായിരുന്ന എ.രാജയുടെ രാജിക്ക് കാരണമായതും സ്പെക്ട്രം ഇടപാടുതന്നെയായിരുന്നു. ഇതേ കേസില്‍ ആരോപണവിധേയയായ ഡി.എം.കെ എം.പികനിമൊഴി ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല