1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2017

സ്വന്തം ലേഖകന്‍: നന്ദി, എന്ന ഒരു നല്ല പ്രസിഡന്റും മനുഷ്യനും ആക്കിയതിന്, അമേരിക്കക്ക് നിറകണ്ണുകളോടെ നന്ദി പറഞ്ഞ് ഒബാമ. ഇത് നന്ദി പറയാനുള്ള തന്റെ രാത്രിയാണ്. നിറുത്താത്ത കയ്യടികള്‍ക്കിടയില്‍ ഒബാമ പറഞ്ഞു തുടങ്ങി. എന്നും ഞാന്‍ നിങ്ങളില്‍ നിന്നും പഠിക്കുകയായിരുന്നു. എന്നെ ഒരു നല്ല പ്രസിഡന്റും മനുഷ്യനുമാക്കി മാറ്റിയത് നിങ്ങളാണ്. അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് തുടങ്ങിയ വിടവാങ്ങല്‍ പ്രസംഗം കണ്ണീരോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ പൂര്‍ത്തിയാക്കിയത്.

ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ഉപകരണമായ ജനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട ഒത്തൊരുമ സൃഷ്ടിക്കും. സ്വപ്നങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും പിന്നാലെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമാണ് വിധാതാക്കള്‍ നമുക്ക് സമ്മാനിച്ചത്. സമാനതകളില്ലാത്തതാണ് നമ്മുടെ വളര്‍ച്ച. തുടര്‍ച്ചയുള്ളതും ചിലപ്പോഴെല്ലാം രക്തം ചിന്തേണ്ടി വരുന്നതുമായ രീതിയില്‍ കാഠിന്യം നിറഞ്ഞതാണ് ജനാധിപത്യത്തിലെ ജോലി.

പത്തു ദിവസത്തിനുള്ളില്‍ ജനാധിപത്യത്തിന്റെ മറ്റൊരു മാറ്റത്തിനു കൂടി വേദിയാകും. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് മറ്റൊരു പ്രസിഡന്റിനായി സമാധാനപരമായി മാറിക്കൊടുക്കും. ജനങ്ങളൂടെ സ്വപ്നങ്ങള്‍ക്ക് നന്ദി പറഞ്ഞത് നിങ്ങളാണ്. അമേരിക്കയെ തുടങ്ങിയിടത്ത് നിന്നും കുടുതല്‍ മെച്ചപ്പെടുത്തിയതും കരുത്തരാക്കിയതും നിങ്ങളാണ്. വര്‍ണ്ണവിവേചനം ഇപ്പോഴും വെല്ലുവിളിയാണ്. നിയമങ്ങള്‍ മാറിയത് കൊണ്ട് കാര്യമില്ല. ഹൃദയങ്ങള്‍ മാറിയാലേ കൂടുതല്‍ മുന്നേറാന്‍ കഴിയൂ. സാധാരണക്കാര്‍ അണിനിരന്നാല്‍ മാറ്റം സാധ്യമാകും.

സാധാരണക്കാര്‍ പങ്കാളികളാകുമ്പോഴാണ് ഒരു മാറ്റം ഫലപ്രദമാകുന്നത്. ഒത്തൊരുമയ്ക്ക് അത് ആവശ്യപ്പെടുന്നുമുണ്ട്. എല്ലാവര്‍ക്കും സാമ്പത്തിക തുല്യത ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജനാധിപത്യത്തിന് ശരിയായി പ്രവര്‍ത്തിക്കാനാകുകയില്ലെന്നും ഒബാമ പറഞ്ഞു. ഒരു വര്‍ഷം കൂടിയെന്ന ജനക്കൂട്ടത്തിന്റെ ആവശ്യത്തോട് തനിക്ക് അതിന് കഴിയില്ലെന്നും ഒബാമ പ്രതികരിച്ചു.

ഒബാമയുടെ ഓരോ വാക്കും കരഘോഷത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തത്. വികാരനിര്‍ഭരമായിരുന്നു ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം. സംസാരിക്കാന്‍ അനുവദിക്കാതെ നിറഞ്ഞ കയ്യടിയോടെയും ആരവങ്ങളോടെയും സദസ്സിലുള്ളവര്‍ പ്രിയങ്കരനായ പ്രസിഡന്റിന് വിട നല്‍കിയപ്പോള്‍ പലപ്പോഴും ഒബാമ വികാരാധീനനായി.

മാറ്റം എന്ന മുദ്രാവാക്യം കൊടുങ്കാറ്റായി മാറിയ രണ്ടായിരത്തിഎട്ടിലെ തിരഞ്ഞെടുപ്പില്‍ വിജയപ്രഖ്യാപനം നടത്തിയ അതേവേദിയിലാണ് എട്ടുവര്‍ഷത്തിനുശേഷം വിടവാങ്ങല്‍ പ്രസംഗത്തിന് ബരാക് ഒബാമ എത്തിയത്. ഭാര്യ മിഷേലാ ഒബാമയ്‌ക്കൊപ്പം എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലെ അവസാന യാത്രക്കു ശേഷമാണ് ഷിക്കാഗോയിലേക്ക് വിടവാങ്ങല്‍ പ്രസംഗത്തിനായി ഒബാമ എത്തിയത്. വൈസ് പ്രസിഡന്റ് ജോ ബെയ്ഡനും ഭാര്യ ജില്ലും ഉണ്ടായിരുന്നു. ഈ മാസം 20 നാണ് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.