സ്വന്തം ലേഖകന്‍: പ്രസവത്തിനിടെ ബ്രിട്ടീഷ് യുവതിയുടെ മരണം, അനസ്‌ത്യേഷ നല്‍കിയ പാക് ഡോക്ടര്‍ക്കെതിരെ അന്വേഷണം. ശസ്ത്രക്രിയയ്ക്കിടെ അധ്യാപികയായ ഫ്രാന്‍സിസ് കാപുചിനി മരിച്ചത് പാക്കിസ്താനി ഡോക്ടര്‍ നദീം അസീസിന് പറ്റിയ കയ്യബദ്ധം മൂലമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
പ്രസവത്തിനിടെ ഉണ്ടായ അമിത രക്തസ്രാവവും രക്ത സമ്മര്‍ദ്ദവുമാണ് മരണ കാരണമെന്നാണ് ആദ്യ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അടിയന്തര സാഹചര്യത്തില്‍ യുവതിക്ക് നല്‍കിയ അനസ്‌തേഷ്യയിലെ പിഴവാണ് മരണകാരണമെന്ന് മെഡിക്കല്‍ സംഘം കണ്ടെത്തി.
12 മണിക്കൂറാണ് യുവതി പ്രസവ വേദനയുമായി കിടന്നത്. സ്വാഭാവിക പ്രസവം നടക്കില്ലെന്ന് മനസ്സിലായതോടെ ശസ്ത്രക്രിയയ്ക്ക് തയ്യാറായി. ഈ സമയത്ത് നല്‍കേണ്ടിയിരുന്ന മരുന്ന് നല്‍കാന്‍ 10 മിനിട്ട് വൈകിയെന്നും ബന്ധുക്കള്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ യുവതിക്ക് നന്നായി ശ്വസിക്കാന്‍ കഴിയുന്നതിനു മുന്‍പേ ഓക്‌സിജന്‍ സിലിണ്ടര്‍ മാറ്റിയെന്നും ആരോപണണമുണ്ട്.
ഡോ. ഇറോള്‍ കോര്‍ണിഷ് ആയിരുന്നു ശസ്ത്രക്രിയയില്‍ മുഖ്യ അനസ്‌തേഷ്യസ്റ്റ് ആയി ഉണ്ടായിരുന്നത്. ഇദ്ദേഹത്തെ സഹായിക്കാനിയ ഡോ. നദിം അസീസും ഉണ്ടായിരുന്നു. എന്നാല്‍ സഹായിയായ ഡോ. അസീസ് സുപ്രധാന മരുന്നുകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്ന് ഡോ. കോര്‍ണിഷ് മൊഴി നല്‍കി.
ബ്രിട്ടനിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്ത് പരിചയം ഉള്ള ആളാണ് ഡോ. അസീസ്. എന്നാല്‍ അദ്ദേഹം തീര്‍ത്തും നിരുത്തരവാദിത്വപരമായാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ പെരുമാറിയതെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്‌റെ മെഡിക്കല്‍ ബിരുദങ്ങളുടെ ആധികാരികതയും പരിശോധിയ്ക്കുന്നുണ്ട്.
പാക്കിസ്ഥാന്‍ വംശജനായ ഡോ അസീസിനെതിരെ ബ്രിട്ടണ്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍ ഇതിന് തൊട്ടു മുന്‍പേ ഇയാള്‍ പാക്കിസ്ഥാനിലേയ്ക്ക് കടന്നതായാണ് സൂചന. ഭാര്യയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്ന് അധ്യാപികയുടെ ഭര്‍ത്താവ് ടോം വ്യക്തമാക്കി. ഡോക്ടര്‍മാരുടെ മാപ്പപേക്ഷ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് യുവതിയുടെ കുടുംബവും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല