സ്വന്തം ലേഖകന്‍: 30 ശതമാനം ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സുകളും വ്യാജമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഡ്രൈവിങ് ലൈസന്‍സുകളില്‍ മൂന്നിലൊന്നും വ്യാജമാണെന്ന വിവരം ഗതാഗതമന്ത്രിയെന്ന നിലയില്‍തന്നെ അസ്വസ്ഥനാക്കുന്നുവെന്ന് സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച റോഡ് സേഫ്റ്റി കോണ്‍ക്ലേവില്‍ സംസാരിക്കവെ നിതിന്‍ ഗഡ്കരി പറഞ്ഞു. ഗതാഗത നിയമ ലംഘനങ്ങള്‍ അനായാസം കണ്ടെത്താന്‍ സഹായിക്കുന്ന ഇന്റലിജന്റ് ട്രാഫിക് സംവിധാനത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അപകടക്കെണി ഒരുക്കുന്ന ബ്ലാക്ക് സ്‌പോട്ടുകള്‍ തിരിച്ചറിയുകയും റോഡുകളുടെ രൂപകല്‍പ്പന ആധുനികവത്കരിക്കുകയും ചെയ്യേണ്ടതുണ്ട്. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പിഴ അടക്കേണ്ടിവരുന്ന തുക ഉയര്‍ത്തുന്നത് നിയമലംഘനങ്ങള്‍ കുറയാന്‍ ഇടയാക്കും. പിഴ ഈടാക്കുന്നതിനുള്ള സംവിധാനം ഡിജിറ്റൈസ് ചെയ്യും.
നിയമലംഘനങ്ങള്‍ ആധുനിക സംവിധാനങ്ങള്‍ വഴി ഡ്രൈവര്‍മാരെ അറിയിക്കാനും പിഴ ചുമത്തുന്ന കാര്യം ഇത്തരം സംവിധാനങ്ങളിലൂടെ അവരെ അറിയിക്കുവാനും പൂര്‍ണതോതില്‍ കഴിയണം. ഇതിലൂടെ ഉദ്യോഗസ്ഥരെ പിഴ ഈടാക്കല്‍ നടപടികളില്‍നിന്ന് ഒഴിവാക്കാനും അഴിമതി ഇല്ലാതാക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.
മോട്ടോര്‍വാഹന നിയമ ഭേദഗതി കൊണ്ടുവനരുന്നതോടെ കര്‍ശന വ്യവസ്ഥകള്‍ പ്രാബല്യത്തിലാകും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കല്‍, അപകടങ്ങള്‍ക്ക് ഇരയാകുന്നവരുടെ പരിചരണം, കര്‍ശന ലൈസന്‍സ് നടപടിക്രമങ്ങള്‍, നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി എന്നിവയാണ് മോട്ടോര്‍വാഹന നിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല