1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2017

സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍, പത്രസമ്മേളനത്തില്‍ ഉരുണ്ടുകളിച്ച് ട്രംപ്. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നേരെയുണ്ടായ ഹാക്കിംഗ് ആക്രമണത്തിന് പിന്നില്‍ റഷ്യയായിരിക്കാമെന്ന് സമ്മതിച്ച ട്രംപ് പക്ഷേ തനിക്കെതിരേയുള്ള ലൈംഗികാരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തള്ളി. റഷ്യന്‍ ഇടപെടലിനെ അനുകൂലിച്ചും പ്രതികൂലിച്ചും തിരിഞ്ഞും മറിഞ്ഞുമുള്ള പ്രതികരണങ്ങളായിരുന്നു ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ നടത്തിയത്.

ഒരുപക്ഷേ ഹാക്കിംഗ് നടത്തിയത് റഷ്യയായിരിക്കാം എന്നായിരുന്നു ചോദ്യങ്ങളോട് ട്രംപ് പ്രതികരിച്ചത്. ഇതാദ്യമായിട്ടായിരുന്നു അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മോസ്‌കോയുടെ ഇടപെടല്‍ സംബന്ധിച്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍ ഏതെങ്കിലും തരത്തില്‍ ഡൊണാള്‍ഡ് ട്രംപ് അംഗീകരിക്കുന്നത്. ഇതിനൊപ്പം തന്നെ സംഭവത്തെ എതിര്‍ത്തുകൊണ്ടുള്ള റഷ്യന്‍ സര്‍ക്കാരിന്റെ പ്രസ്താവനയും ട്രംപ് ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് ജയിച്ച ശേഷമുള്ള തന്റെ ആദ്യത്തെ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഡെമോക്രാറ്റിക് സൈറ്റുകളും അവരുടെ ഇമെയിലുകളും ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നില്‍ റഷ്യ തന്നെയാവും എന്നാണ് കരുതുന്നത്. ചിലപ്പോള്‍ അത് വേറെയേതെങ്കിലും രാജ്യമോ വ്യക്തിയോ ചെയ്തതാവാനും മതി, ട്രംപ് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ റഷ്യന്‍ പ്രസിഡന്റ് പുതിന് എന്ത് സന്ദേശമാണ് നല്‍കാനുള്ളതെന്ന ചോദ്യത്തിന് താന്‍ പ്രസിഡന്റായാല്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ ബഹുമാനം പ്രതീക്ഷിക്കുന്നുവെന്നായിരുന്നു മറുപടി.

റഷ്യ മാത്രമല്ല പ്രശ്‌നം, 2.20 കോടി അമേരിക്കന്‍ അക്കൗണ്ടുകളാണ് ചൈന ഹാക്ക് ചെയ്തത്. അതിനെ പ്രതിരോധിക്കാന്‍ നമ്മുക്ക് സാധിച്ചില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. താനും റഷ്യയുമായും രഹസ്യബന്ധമുണ്ടെന്ന രീതിയിലുള്ള വിവരങ്ങള്‍ പുറത്തു വിട്ട യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളേയും ഇത് വാര്‍ത്തയാക്കിയ മാധ്യമങ്ങളേയും ട്രംപ് കണക്കിന് വിമര്‍ശിച്ചു.

സിഎന്‍എന്റെ റിപ്പോര്‍ട്ടറെ വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിക്കുന്നതില്‍ നിന്ന് തടഞ്ഞ ട്രംപ് നിങ്ങള്‍ വ്യാജ വാര്‍ത്ത കൊടുക്കുന്നവരാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ നാസികളോട് ഉപമിച്ച ട്രംപ് മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കും എതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. തനിക്കെതിരേ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍ പലതും വ്യാജവാര്‍ത്തകള്‍ ആയിരുന്നെന്ന വാദത്തില്‍ ഉറച്ചുനില്‍പ്പാണ് ട്രംപ് ഇപ്പോഴും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.