സ്വന്തം ലേഖകന്‍: സിനിമാ സമരം പൊളിയുന്നു, റിലീസിന് ഒരുങ്ങി മലയാള ചിത്രങ്ങള്‍, നടന് ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലിബര്‍ട്ടി ബഷീര്‍. വിജയ് ചിത്രം ഭൈരവാ സമരത്തിലുള്ള ഫെഡറേഷന് തിയറ്ററുകളെ ഒഴിവാക്കി 200 സ്ക്രീനുകളില്‍ റിലീസ് ചെയ്തതിന് പിന്നാലെ മലയാള സിനിമകളും തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനുവരി 19ന് ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, 20ന് മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവ റിലീസ് ചെയ്യാനുമാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ആലോചിക്കുന്നതെന്നാണ് സൂചന. ഈ സിനിമകളുടെ നിര്‍മ്മാതാക്കളുമായി വിതണക്കാരുടെ സംഘടനയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രതിനിധികളും ചര്‍ച്ച നടത്തി.
ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷനിലെ 18 ഓളം തിയറ്ററുകള്‍ ഭൈരവാ റിലീസ് ചെയ്തിരുന്നു. ഭൈരവാ റിലീസ് ചെയ്യാമെന്ന് നേരത്തെ കരാര്‍ ചെയ്ത ഫെഡറേഷന് തിയറ്ററുകള്‍ സമരത്തെ തുടര്‍ന്ന് പിന്മാറിയതിന് എതിരെ കോംപറ്റീഷന്‍ കമ്മീഷനെ സമീപിക്കുമെന്ന് വിതരണക്കാര്‍ മുന്നറിയിപ്പ് മുഴക്കിയതും ഒരു മാസത്തോളമായിട്ടും സമരത്തിന് പരിഹാരമാകാത്തതും കൂടുതല്‍ തിയറ്ററുകളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ നിലവിലുള്ള തിയറ്റര്‍ വിഹിതം നല്കുന്ന തിയറ്ററുകള്‍ക്ക് സിനിമ നല്‍കാനാണ് വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും തീരുമാനം. ചര്‍ച്ചകളില്‍ സമവായം ഉണ്ടായാല്‍ പുറത്തിറങ്ങാനാകതെ പ്രതിസന്ധിയിലായ ക്രിസ്മസ് ചിത്രങ്ങള്‍ തിയറ്ററുകളിലെത്തും. സമരത്തിലുള്ള തിയറ്ററുകളെ ഒഴിവാക്കി സിനിമകള്‍ ബി ക്ലാസ് സെന്ററുകളിലും മള്‍ട്ടിപ്ളെക്സിലും ഫെഡറേഷന് പുറത്തുള്ള എ ക്ലാസ് തിയറ്ററുകളിലും റിലീസ് ചെയ്താല്‍ സമരം പൊളിയുകയും ചെയ്യും.
അതേസമയം എ ക്ലാസ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന് പിളര്‍ക്കാന്‍ ശ്രമിക്കുന്നത് നടന് ദിലീപാണെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. എന്തു പ്രശ്നമുണ്ടായാലും ഫെഡറേഷന് ഒറ്റക്കെട്ടായി നേരിടും. ഫെഡറേഷന്റെ തീരുമാനം മറികടന്ന് വിജയ് ചിത്രമായ ‘ഭൈരവ’ റിലീസ് ചെയ്ത 18 എ ക്ലാസ് തീയേറ്ററുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഭൈരവ റിലീസ് ചെയ്തതില്‍ ഏറെയും താരങ്ങളുടെയും ഡിസ്ട്രിബ്യൂട്ടേഴ്സിന്റെയും തീയേറ്ററുകളാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
തിയറ്ററുകളുടെ പുതിയ സംഘടനയുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനു ചുക്കാന്‍ പിടിക്കുന്നത് ദിലീപാണ്. മലയാള സിനിമ റിലീസ് ചെയ്യാന്‍ മുഖ്യമന്ത്രിയുമായി ധാരണയിലെത്തിയിരുന്നു. എന്നാല്‍ മറുഭാഷാ ചിത്രം പുറത്തിറക്കാനായിരുന്നു നിര്‍മാതാക്കളുടെ തിടുക്കമെന്നും ലിബര്‍ട്ടി ബഷീര്‍ തലശേരിയില്‍ പറഞ്ഞു. നിര്‍മ്മാതാക്കളും അഭിനേതാക്കളുടെ സംഘടനയും ചേര്‍ന്നു നടത്തിയ കരുനീക്കമാണ് സമരം നീണ്ടുപോകാന്‍ കാരണമെന്നും ബഷീര്‍ ആരോപിച്ചു. സമരം നീണ്ടു പോകുന്നത് അറിയാമായിരുന്നത് കൊണ്ടാണ് ദിലീപ് നായകനായ ജോര്‍ജ്ജേട്ടന്റെ പൂരത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കാതിരിക്കുന്നത് എന്നും ബഷീര്‍ പറഞ്ഞു.
അതേസമയം, സിനിമ സമരം ഒരുമാസം പിന്നിട്ടിട്ടും സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിലും മോഹന്‍ലാലും പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജി.സുരേഷ്കുമാര്‍ ആരാഞ്ഞു. എക്സിബിറ്റേഴ്സ് ഫെഡറേഷനിലുള്ള തീയേറ്റര്‍ ഉടമകളെ കൂടി ഉള്‍പ്പെടുത്തി പുതിയ സംഘടന രൂപീകരിക്കുന്നത് പരിഗണനയിലാണെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല