സ്വന്തം ലേഖകന്‍: പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ ആത്മഹത്യ, വൈസ് പ്രിന്‍സിപ്പല്‍ അടക്കം മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍. വൈസ്പ്രിന്‍സിപ്പല്‍ ഡോ. എന്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, പി.ആര്‍.ഒ സഞ്ജിത് കെ. വിശ്വനാഥന്‍ എന്നിവരെയാണ്‌സസ്‌പെന്റു ചെയ്തിരിക്കുന്നത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
കോപ്പിയടിച്ചതിന്റെ പേരില്‍ കോളജ് അധികൃതര്‍ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ഇതിനിടെ, ഇന്നലെ അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ ജിഷ്ണുവിന്റേതെന്ന് കരുതുന്ന ഒരു ആത്മഹത്യാക്കുറിപ്പ് കോളജ് ഹോസ്റ്റലില്‍ നിന്നും കണ്ടെടുത്തുവെങ്കിലും ഇത് ജിഷ്ണുവിന്റേതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
‘എന്റെ ജീവിതവും സ്വപ്നങ്ങളും തകര്‍ന്നു’ എന്ന് വ്യക്തമാക്കുന്ന കത്താണ് കണ്ടെടുത്തിയിരിക്കുന്നത്. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷ്ണു ഇത്തരമൊരു കത്ത് ഒരിക്കലും എഴുതില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കോപ്പിയടിച്ചുവെന്നാരോപിച്ച് അധ്യാപകനായ സി.പി പ്രവീണ്‍ ആണ് പരീക്ഷാ ഹാളില്‍ നിന്ന് ജിഷ്ണുവിനെ പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ക്കെതിരായ ക്രൂരതകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് വൈസ്പ്രിന്‍സിപ്പലാണെന്ന് ആരോപണമുയര്‍ന്നിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് ജിഷ്ണുവിനെ കോളജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
പ്രതിഷേധം ശക്തമാകുന്നതിടെ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചു. തന്റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ മന്ത്രിയോട് പറഞ്ഞു. ഇന്നലെ ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമഗ്രമായി പരിശോധിക്കും. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു.
ജിഷ്ണുവിന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തിന് നിയോഗിക്കപ്പെട്ട കോളെജിലെത്തി തെളിവെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല