സ്വന്തം ലേഖകന്‍: അഭയാര്‍ഥികളെ ചവിട്ടി വീഴ്ത്തി വിവാദ നായികയായ വനിതാ ഫോട്ടോഗ്രാഫര്‍ കുറ്റക്കാരിയെന്ന് കോടതി. സെര്‍ബിയന്‍ അതിര്‍ത്തിയില്‍ അഭയാര്‍ഥികളെ ചവിട്ടിവീഴ്ത്തിയ ഹംഗേറിയന്‍ വനിത ഫോട്ടോഗ്രാഫര്‍ പെട്ര ലാസ്ലോയെ മോശം പെരുമാറ്റത്തിന് മൂന്നുവര്‍ഷത്തെ നല്ല നടപ്പിനു കോടതി ശിക്ഷിച്ചു. ഹംഗറിയിലെ പ്രാദേശിക ചാനല്‍ എന്‍1 ടി.വിയുടെ വിഡിയോഗ്രാഫറായിരുന്ന ലാസ്ലോ 2015 സെപ്റ്റംബറിലാണ് പൊലീസിനെ ഭയന്നോടുന്ന അഭയാര്‍ഥികളെ വലതുകാല്‍ കൊണ്ട് തള്ളിവീഴ്ത്തിയത്.
ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമുയര്‍ന്നു. ഈ വിഡിയോ ദൃശ്യങ്ങള്‍ കോടതി സസൂക്ഷ്മം പരിശോധിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ ഹംഗറി കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് ഇവരെ ജോലിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായിരുന്നു ചവിട്ടല്‍ എന്നായിരുന്നു പെട്രയുടെ വാദം.
അഭയാര്‍ഥി വിരോധമല്ല, പെട്ടെന്നുള്ള തോന്നലില്‍ ചെയ്തു പോയതാണെന്നായിരുന്നു ന്യായീകരണം. ഇത് കണക്കിലെടുക്കാന്‍ ആവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സ്വയം പ്രതിരോധത്തിനായി ആരെങ്കിലും ഇങ്ങനെ ചെയ്താല്‍ അതു കുറ്റമാകില്ല. എന്നാല്‍, അഭയാര്‍ഥികളോടുള്ള മനോഭാവമാണ് പെട്രയുടെ ചെയ്തികളിലൂടെ തെളിഞ്ഞതെന്ന് കോടതി നിരീക്ഷിച്ചു.
ജെര്‍മന്‍ ടെലിവിഷന്‍ ചാനല്‍ ആര്ടിഎല്ലിന്റെ വീഡിയോഗ്രാഫര്‍ സ്റ്റീഫന്‍ റിച്ച്ടരാണ് വിവാദ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ആയിരക്കണക്കിന് തവണയാണ് ഈ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടത്. തുടര്‍ന്ന് പെട്രോയെ ജോലിയില്‍ നിന്ന് അടിയന്തരമായി നീക്കിയതായി ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് സാബോള്ക്ക് കിസ്ബെര്‍ക്ക് ചാനലിന്റെ വെബ്സൈറ്റില്‍ പ്രസ്താവനയില്‍ വ്യക്തമാക്കുകയായിരുന്നു.
അഭയാര്‍ത്ഥികളോട് കര്‍ശന നിലപാട് സ്വീകരിക്കുന്ന ഹംഗറിയില്‍ അഭയാര്‍ത്ഥികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവന്നതിന് പിന്നാലെയാണ് പെട്രയുടെ ചിത്രവും പുറത്തുവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല