സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയില്‍ സാംസംഗ് മേധാവി അഴിമതിക്കുരുക്കില്‍, 22 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. അഴിമതി കേസില്‍ സാംസംഗ് മേധാവി ജേയ് വൈ ലീയെ ദക്ഷിണ കൊറിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ 22 മണിക്കൂര്‍ ചോദ്യം ചെയ്തു. അറസ്റ്റു ചെയ്യണമോ എന്ന കാര്യത്തില്‍ ഞായറാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
ഇംപീച്ചു ചെയ്യപ്പെട്ട ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈയുടെ സഹായിക്കു വേണ്ടി വന്‍തുക അവരുടെ കമ്പനിയില്‍ നിക്ഷേപിച്ചെന്നാണു സാംസംഗിന് എതിരേയുള്ള ആരോപണം. ഇംപീച്ച്മെന്റിനു വിധേയയായ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്വെന്‍ ഹേന്റെ രഹസ്യ സൂക്ഷിപ്പുകാരിയായ ചോയ് സൂണ്സില്ലുമായി ചേര്‍ന്നു നടത്തിയ ഇടപാടുകളാണ് ചോദ്യം ചെയ്യലിന് ആധാരം.
പ്രസിഡന്റുമായി നല്ല ബന്ധത്തിലായിരുന്ന ചോയ് ആ സ്വാധീനം ഉപയോഗിച്ച് താന്‍ നയിക്കുന്ന രണ്ടു ലാഭ രഹിത ഫൗണ്ടേഷനുകളിലേക്ക് ദശലക്ഷക്കണക്കിനു ഡോളര്‍ സംഭാവന നല്കാന് വന്‍കിട വ്യവസാസികളെ നിര്‍ബന്ധിച്ചിരുന്നു. സാംസങ്ങാണ് ഏറ്റവും കൂടുതല്‍ സംഭാവന ഒഴുക്കിയത്. ഇതിനു പുറമേ ചോയ്ക്കു നേരിട്ടു ദശലക്ഷക്കണക്കിനു യൂറോയും സാംസങ് നല്കിയെന്നു പറയപ്പെടുന്നു. ഇതൊക്കെ അഴിമതി ലക്ഷ്യം വച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
നേരത്തെ ലീയെയും സാംസങ് ഉന്നതോദ്യോഗസ്ഥരെയും നിരവധി തവണ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പണം വാഗ്ദാനം ചെയ്യാന്‍ കമ്പനി നിര്‍ബന്ധിതരായെങ്കിലും അതിനു പ്രതിഫലമൊന്നും പറ്റിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ കൊടുത്തത് കോഴയെന്നു പറയാനാവില്ലെന്നുമാണ് സാംസങ് ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.
എന്നാല്‍, സാംസങ് വന്‍ തുക നല്‍കിയത് 2015 ല്‍ രണ്ടു സാംസങ് ഗ്രൂപ്പുകളുടെ ലയനത്തിനു നല്കിയ അപേക്ഷയില്‍ സര്‍ക്കാരിന്റെ അനുകൂല തീരുമാനം ഉണ്ടാക്കാനാണെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.
ചെയ്ല്‍ ഇന്‍ഡസ്ട്രീസ്, സാംസങ് സി ആന്‍ഡ് ടി. എന്നീ സാംസങ് ഗ്രൂപ്പ് യൂണിറ്റുകളുടെ ലയനമാണ് മുന്നാം തലമുറയില്‍പ്പെട്ട ലീ ജേ യോങ്ങിന്റെ അധികാരലബ്ധിക്കു വഴിമാറിയതും. ലയനവേളയില്‍ സംസങ് സി ആന്‍ഡ് ടി ഓഹരിമൂല്യം ഇടിച്ചുകാട്ടിയെന്ന ആരോപണം പലരും ഉന്നയിച്ചപ്പോള്‍ സാംസങ്ങിന്റെ പ്രധാന ഓഹരിയുടമയായ നാഷണല്‍ പെന്ഷന് സര്‍വീസ് (എന്‍.പി.എസ്.) അനുകൂലിച്ചതാണ് ലയനം സാധ്യമാക്കിയത്.ഇത്തരത്തില്‍ ഇടപാടിനെ അനുകൂലിക്കാന്‍ എന്‍.പി.എസ്. അധികൃതരെ നിര്‍ബന്ധിച്ചതിന്റെ പേരില്‍ ഒരു മുന്‍ മന്ത്രിയെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല