സ്വന്തം ലേഖകന്‍: പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണുവിന്റെ ആത്മഹത്യ, എഫ്‌ഐആറില്‍ ഗുരുതര തെറ്റുകള്‍, പ്രതിഷേധവുമായി സഹപാഠികള്‍. ജിഷ്ണു ഹോസ്റ്റലില്‍ തൂങ്ങിമരിച്ചതിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ ശരീരത്തിലെ (എഫ്.െഎ.ആര്‍.) മുറിവുകളെക്കുറിച്ച് ഒന്നും പറയാതെ മരണകാരണം കോപ്പിയടി പിടിക്കപ്പെട്ടതിലെ മനോവിഷമമാണെന്ന് ഉറപ്പിച്ചു പറയുന്നു. മരണകാരണം എഫ്.ഐ.ആറില്‍ പറയുക പതിവില്ല.
അതേസമയം, കുളിമുറിയില്‍ തൂങ്ങിമരിച്ചു എന്നല്ലാതെ ഏതുഭാഗത്താണ് തൂങ്ങിയതെന്ന് കൃത്യമായി പറയുന്നില്ല. സഹപാഠിയുടെ മൊഴി മാത്രമാണ് എഫ്.ഐ.ആറിന് അടിസ്ഥാനമാക്കിയിട്ടുള്ളത്. ഇതുമൂലംതന്നെ സംശയങ്ങള്‍ ഒന്നുമില്ലാത്ത സാധാരണ ഒരു ആത്മഹത്യയായാണ് മൃതദേഹപരിശോധന നടത്തിയ ഡോക്ടര്‍മാരും ഇതിനെ കൈകാര്യം ചെയ്തത്.
പരിക്കുകളോടുകൂടിയ തൂങ്ങിമരണവും പരിക്കുകളില്ലാത്ത തൂങ്ങിമരണവും രണ്ടുതരത്തിലാണ് മൃതദേഹപരിശോധനയില്‍ പരിഗണിക്കുകയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പി.ജി. വിദ്യാര്‍ഥികള്‍ മൃതദേഹപരിശോധനയ്ക്കായി നിയോഗിക്കപ്പെട്ടത് ഗൗരവം ബോധ്യപ്പെടുത്താത്തതുകൊണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.
മൂക്കിനും കണ്ണിനും ഇടയിലെ മുറിവ് തീരെ ചെറുതല്ലെങ്കിലും ഈ മുറിവ് ഡോക്ടര്‍മാരിലും സംശയം ഉണ്ടാക്കിയില്ല. ശരീരത്തിന്റെ പലഭാഗത്തും മര്‍ദ്ദനമേറ്റു എന്നു പറയുന്നുണ്ടെങ്കിലും ഇത്തരം മുറിവുകളൊന്നും വേണ്ടത്ര പരിഗണിക്കപ്പെട്ടില്ലെന്നാണ് അറിയുന്നത്. പോലീസ് സര്‍ജന്റെ നേതൃത്വത്തിലല്ലാതെ മൃതദേഹപരിശോധന നടന്നതും കുറവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചെറിയ വീഴ്ചകള്‍കൊണ്ട് ഉണ്ടാകുന്ന തരത്തിലുള്ള മുറിവല്ല ജിഷ്ണുവിന്റെ മുഖത്തുണ്ടായിരുന്നതെന്നാണ് പരിചയസമ്പന്നര്‍ പറയുന്നത്.
പഴയന്നൂര്‍ എസ്.ഐ. ജനശേഖരന്‍ തയ്യാറാക്കിയ എഫ്.ഐ.ആറിലാണ് കോപ്പിയടിച്ച് പിടിച്ചതിന്റെ മനോവിഷമമാണ് മരണകാരണം എന്ന് ഉറപ്പിച്ചിരിക്കുന്നത്. ജിഷ്ണുവിനോടൊപ്പം ഹോസ്റ്റലില്‍ ഉണ്ടായിരുന്ന സഹപാഠിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത് എഫ്.ഐ.ആറില്‍ ചേര്‍ത്തിട്ടുള്ളത്. കോപ്പിയടിയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിശദവിവരങ്ങള്‍ ഈ മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഷമമാണ് മരണത്തിനു കാരണമെന്നും വേറെ സംശയങ്ങള്‍ ഒന്നുമില്ലെന്നും സഹപാഠിയുടെ മൊഴിയില്‍ ഉറപ്പിച്ചുപറയുന്നു.
ജിഷ്ണുവിന്റെ മരണത്തെ പൊലീസ് ലാഘവത്തോടെയാണ് കാണുന്നതെന്ന് സഹപാഠികള്‍ കുറ്റപ്പെടുത്തി. പഴയന്നൂര്‍ പൊലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ട് അതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു. മാനേജ്‌മെന്റിന് അനുകൂല സമീപനം വെച്ചാണ് എഫ്.ഐ.ആര്‍ തയാറാക്കിയതെന്നാണ് വിദ്യാര്‍ഥികളുടെ ആക്ഷേപം.
ജിഷ്ണുവിന്റെ മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം എ.എസ്.പി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ കോളജില്‍ തെളിവെടുപ്പ് തുടങ്ങി. പരീക്ഷാ ഹാളിലുണ്ടായിരുന്ന 30 വിദ്യാര്‍ഥികളില്‍നിന്ന് പ്രത്യേകം മൊഴി ശേഖരിച്ചുവരികയാണ്. പരീക്ഷ ഇല്ലാത്തതിനാല്‍ പല വിദ്യാര്‍ഥികളും വീട്ടിലാണ്. ഫോണില്‍ ബന്ധപ്പെട്ട് ഇവരില്‍നിന്ന് വിവരം ശേഖരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല