സ്വന്തം ലേഖകന്‍: ദക്ഷിണ ചൈനാ കടല്‍ പ്രശ്നത്തില്‍ വേണ്ടിവന്നാല്‍ അമേരിക്കയുമായി ഏറ്റുമുട്ടാനും തയ്യാറെന്ന് ചൈന. ദക്ഷിണ ചൈനാ കടലില്‍ ചൈന നിര്‍മിച്ച ദ്വീപുകളിലേക്കുള്ള പ്രവേശനം തടസപ്പെടുത്താന്‍ അമേരിക്ക ശ്രമിച്ചാല്‍ വന്‍യുദ്ധം ഉണ്ടാവുമെന്നാണ് ചൈനയുടെ ഭീഷണി. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസാണ് മുഖപ്രസംഗത്തില്‍ അമേരിക്കയ്ക്കു മുന്നറിയിപ്പു നല്‍കിയത്.
ട്രംപിന്റെ നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ടില്ലേര്സണ് സെനറ്റില്‍ നല്കിയ
മൊഴിയിലാണ് ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ നടപടികളെക്കുറിച്ചു പരാമര്‍ശിച്ചത്. മറ്റു രാജ്യങ്ങള്‍ക്കുകൂടി അവകാശപ്പെട്ട ദക്ഷിണചൈനാ സമുദ്രമേഖലയില്‍ ദ്വീപുകള്‍ നിര്‍മിച്ച ചൈനീസ് നടപടിയെ ക്രിമിയയെ റഷ്യയോടു കൂട്ടിച്ചേര്‍ത്ത പുടിന്റെ നടപടിയോടാണ് ടില്ലേര്സണ് താരതമ്യപ്പെടുത്തിയത്.
പുതുതായി അധികാരത്തിലേറുന്ന ട്രംപ് സര്‍ക്കാര്‍ ദ്വീപുകളിലേക്കുള്ള ചൈനയുടെ പ്രവേശനം തടയുമെന്നും ടില്ലേര്സണ് കൂട്ടിച്ചേര്‍ത്തു.ചൈനയുമായി വന്‍യുദ്ധത്തിനു വാഷിംഗ്ടണ്‍ തയാറല്ലെങ്കില്‍ ഇത്തരമൊരു നീക്കം വിജയിക്കാന്‍ പോകുന്നില്ലെന്നു പത്രം മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.ഇതേസമയം, ചൈനീസ് വിദേശമന്ത്രാലയം കരുതലോടെയാണു പ്രതികരിച്ചത്.
ഇരു രാജ്യങ്ങള്‍ക്കും പൊതുവായ ഏറെ താത്പര്യങ്ങളുണ്ടെന്നും അന്തര്‍ദേശീയ സമാധാനം ഉറപ്പാക്കുന്നതിനു സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മന്ത്രാലയ വക്താവ് ലുകാംഗ് ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല