സ്വന്തം ലേഖകന്‍: നടന് ദിലീപിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന, തിയറ്ററുകള്‍ പ്രേക്ഷകര്‍ക്കുള്ളതെന്ന് ദിലീപ്. സിനിമാ സമരത്തില്‍ വഴിത്തിരിവായി രൂപീകരിക്കുന്ന പുതിയ സംഘടനയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന യോഗത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു ദിലീപ്.
സിനിമശാലകള്‍ പ്രേക്ഷകര്‍ക്കുള്ളതാണ്. അവ അടച്ചിടാനുള്ളതല്ല. ഒരുപാട് ആളുകള്‍ പ്രയത്നിച്ച് സിനിമ കൊണ്ടുവരുമ്പോള്‍ സിനിമ കളിക്കില്ലെന്ന് ഒരു കൂട്ടം ആളുകള്‍ പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സമരം തീര്‍ക്കാനുള്ള ശ്രമമല്ല, സിനിമയ്ക്കു വേണ്ടിയുള്ള കൂട്ടായ്മയാണ് പുതിയ സംഘടനയെന്നും ദിലീപ് പറഞ്ഞു.
പുതിയ സംഘടനയിലേക്ക് ലിബര്‍ട്ടി ബഷീറിനേയും സ്വാഗതം ചെയ്യുന്നു. നല്ല ഉദ്ദേശത്തോടെയാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. കാര്യമില്ലാത്ത കാര്യത്തിനായി തീയേറ്ററുകള്‍ അടച്ചിടുന്നത് ശരിയല്ല. ന്യായത്തിന്റെ കൂടെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. പുതിയ സംഘടനയുടെ പേര് ഉചിതമായ സമയത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിര്‍മാതാവിന്റേയും വിതരണക്കാരന്റേയും തീയേറ്റര്‍ ഉടമകളുടെ വിഷമവും തനിക്ക് നന്നായി അറിയാം. കള്ളണം ഉപയോഗിച്ചാണ് തീയേറ്റര്‍ കെട്ടിയതെന്ന് ചിലര്‍ വിമര്‍ശിക്കുന്നു. ആരോപണമല്ലെ നമ്മുക്ക് എന്തുചെയ്യാന്‍ കഴിയും. അതിനെ പുച്ഛിച്ച് തള്ളിക്കളയുന്നു. 80% ലോണ്‍ എടുത്താണ് തീയേറ്ററുകള്‍ കെട്ടിയത്. മാസം തോറും വലിയ തുക തിരിച്ചടയ്ക്കുന്നുണ്ടെന്നും ദിലീപ് വ്യക്തമാക്കി.
കഴിഞ്ഞുപോയ ഈ സീസണില്‍ സര്‍ക്കാരിനും തീയേറ്റര്‍ ഉടകള്‍ക്കും നിര്‍മാതാക്കള്‍ക്കും എല്ലാവര്ക്കും കിട്ടേണ്ട വിഹിതം നഷ്ടമായി. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെയെല്ലാം നിരാശരാക്കുന്നതാണ് സമരം. അത് ഇനി ഉണ്ടാകാന്‍ പാടില്ല. മലയാള സിനിമയ്ക്ക് ഇനി അങ്ങോട്ടുള്ള കാലം ഈ സംഘടനയ്ക്കായിരിക്കും പ്രാധാന്യം.
ഒരു സംഘടന പൊളിക്കാന്‍ താന്‍ അതിനകത്തുള്ള ആളല്ല. ഇത് ഒരു പ്രതികര നടപടിയോ ആരെയെങ്കലും പൊളിച്ചടുക്കാനുള്ള നീക്കമോ അല്ല. നല്ല ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണെന്നും ദിലീപ് പറഞ്ഞു. പുതിയ സംഘടനയായതോടെ കെട്ടിക്കിടക്കുന്ന മലയാള ചിത്രങ്ങള്‍ ഓരോന്നായി റിലീസ് ചെയ്യുമെന്നാണ് സൂചന. പുതിയ സംഘടനക്ക് അമ്മയുടെയും ഫെഫ്കയുടെയും പൂര്‍ണ പിന്തുണയുണ്ട്.
സമരം പിന്‍വലിക്കുന്നതായും ശനിയാഴ്ച മുതല്‍ പ്രദര്‍ശനം ആരംഭിക്കുമെന്നും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് നേതാവ് ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിക്കുന്നതെന്നാണ് ബഷീര്‍ നല്കുന്ന വിശദീകരണം. 26ന് വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ബഷീര്‍ പറഞ്ഞു.
അതേസമയം, സമരം അനിശ്ചിതമായി നീണ്ടുനിന്നതോടെ എ ക്ലാസ് തീയേറ്റര്‍ ഉടമകളുടെ സംഘടനമായ എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ പ്രതിഷേധം ശക്തമായിരുന്നു. ഈ അവസരം മുതലാക്കിയാണ് ദിലീപിന്റെ നേതൃത്വത്തില്‍ സംഘടന പൊളിച്ച് പുതിയ സംഘടനയ്ക്ക് രൂപം നല്കാന് തീരുമാനിച്ചത്. ഇതോടെ ഫെഡറേഷനിലെ ട്രഷറര്‍ അടക്കമുള്ളവര്‍ രാജിയും വച്ചിരുന്നു. കൂടുതല്‍ പേര് സംഘടന വിട്ടുപോകുമെന്ന് വ്യക്തമായതോടെ സമരത്തില്‍ നിന്ന് പിന്മാറാന് ലിബര്‍ട്ടി ബഷീര്‍ നിര്‍ബന്ധിതനാകുകയും ചെയ്തു. സമരത്തില്‍ നിന്ന് പിന്മാറാന് മുഖ്യമന്ത്രി പിണറായി വിജയനും ഫെഡറേഷന് ഭാരവാഹികളോട് നിര്‍ദേശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല