സ്വന്തം ലേഖകന്‍: കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. വിമാനം റാഞ്ചിയ താലിബാന് ഭീകരരെ പാക്കിസ്ഥാന് പിന്തുണച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ജയിലിലുണ്ടായിരുന്ന ഭീകരരെ മോചിപ്പിക്കാതെ തന്നെ യാത്രക്കാരെ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നുവെന്നും ഡൊവല്‍ വ്യക്തമാക്കുന്നു. റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ മുന്‍ ബ്യൂറോ ചീഫ് മിര മക്ഡൊണാള്‍ഡിന്റെ പുതിയ പുസ്തകത്തിലാണ് ഡോവലിന്റെ വെളിപ്പെടുത്തല്‍. ‘ഡിഫീറ്റ് ഈസ് ആന്‍ ഓര്‍ഫന്‍: ഹൗ പാക്കിസ്ഥാന് ലോസ്റ്റ് ദി ഗ്രേറ്റ് സൗത്ത് ഏഷ്യന്‍ വാര്’ (Defeat is an Orphan: How Pakistan lost the Great South Asian War) എന്നാണ് പുസ്തകത്തിന്റെ പേര്.
യാത്രക്കാരെ മോചിപ്പിക്കാന്‍ ഭീകരരുമായുള്ള സന്ധിസംഭാഷണത്തിന് ഡോവലിനെയാണ് അന്ന് കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ഇന്ത്യ തടവിലാക്കിയ 35 ഭീകരരെ വിട്ടയക്കണമെന്നും 2000 ലക്ഷം ഡോളര്‍ നല്‍കണമെന്നും ഭീകരര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ മൂന്ന് ഭീകരരെ വിട്ടുനല്‍കി യാത്രക്കാരെ മോചിപ്പിക്കാന്‍ ഡോവലിന് സാധിച്ചു. മൗലാന മസൂദ് അസര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ക്ക്, മുഷ്താഖ് സര്‍ഗാര്‍ എന്നിവരെയാണ് മോചിപ്പിച്ചത്. ഐഎസ്ഐ വളര്‍ത്തുന്ന ഭീകരരെന്നാണ് ഇവരെ ഡോവല്‍ വിശേഷിപ്പിക്കുന്നത്.
അഫ്ഗാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിലെ റണ്‍വെയില്‍ നിരവധി തോക്കുധാരികളായ താലിബാന് ഭീകരരുണ്ടായിരുന്നതായി ഡോവല്‍ പറയുന്നു. ഇവര്‍ക്കൊപ്പം ഐഎസ്ഐയുടെ രണ്ട് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഒരാള്‍ ലെഫ്റ്റനന്റ് ജനറലും മറ്റൊരാള്‍ മേജറുമായിരുന്നു. വിമാനം റാഞ്ചിയ ഭീകരര്‍ കാണ്ഡഹാറിലെ ഐഎസ്ഐ ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായും വ്യക്തമായി. പാക്ക് പിന്തുണ ഇല്ലായിരുന്നെങ്കില്‍ വേഗത്തില്‍ പ്രശ്നം അവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നു. ഭീകരരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തങ്ങളുടെ ശ്രമം ഐഎസ്ഐ പരാജയപ്പെടുത്തി. സുരക്ഷിതമായി രക്ഷപ്പെടുത്താമെന്ന് ഐഎസ്ഐ ഭീകരര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഡോവല്‍ പറഞ്ഞു.
1999 ഡിസംബര്‍ 24നാണ് നേപ്പാളിലെ കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദല്‍ഹിയിലേക്ക് വരികയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം അഞ്ച് ഭീകരര്‍ റാഞ്ചിയത്. ലാഹോര്‍, അമൃത്സര്‍, ദുബായ് എന്നിവിടങ്ങളില്‍ ഇറക്കിയ വിമാനം പിന്നീട് കാണ്ഡഹാറില്‍ എത്തിക്കുകയായിരുന്നു. 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഏഴ് ദിവസത്തിന് ശേഷമാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റാഞ്ചല്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല