സ്വന്തം ലേഖകന്‍: സമാജ്വാദി പാര്‍ട്ടിയിലെ കുടുംബ വഴക്കില്‍ സൈക്കിള്‍ ചിഹ്നം സ്വന്തമാക്കി അഖിലേഷ് യാദവ്. പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നം അഖിലേഷ് വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചു. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അഖിലേഷാണെന്നും അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് മുലായം സിംഗിന് പുതിയ ചിഹ്നം നല്‍കുമെന്നും വ്യക്തമാക്കി.
പിളര്‍പ്പിനെ തുടര്‍ന്ന് സമാജ്വാദി പാര്‍ട്ടിയിലെ ഇരു വിഭാഗങ്ങളും സൈക്കിള്‍ ചിഹ്നത്തിന് വേണ്ടി അവകാശവാദമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
സൈക്കിള്‍ ചിഹ്നം തന്റേതാണെന്നും ചിഹ്നം ആര്‍ക്കും വിട്ടു നല്‍കില്ലെന്നും കടുംപിടുത്തം പിടിച്ചിരുന്ന മുലായത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്‍ തിരിച്ചടിയായി. ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണ തെളിയിച്ചതോടെയാണ് അഖിലേഷ് വിഭാഗത്തിന് സൈക്കിള്‍ ചിഹ്നം ലഭിച്ചത്. ചിഹ്നം സംബന്ധിച്ച് മുലായം വിഭാഗം ഉന്നയിച്ച വാദങ്ങള്‍ കമ്മീഷന് തള്ളി. മുലായം കുടുംബത്തിലെ കലഹമാണ് പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് നയിച്ചത്.
മുഖ്യമന്ത്രി അഖിലേഷ് യാദവും രാംഗോപാല്‍ യാദവും നയിക്കുന്ന വിഭാഗം ഒരു വശത്തും മറുവശത്ത് മുലായം നേതൃത്വം നല്കുന്ന വിഭാഗവുമാണ്. ജനുവരി ഒന്നിന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ മുലായത്തെ മാറ്റി അഖിലേഷ് പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിരുന്നു. സമാജ് വാദി പാര്‍ട്ടിയുടെ അധ്യക്ഷന്‍ താനാണെന്നും ചിഹ്നത്തിനും പേരിനുമുള്ള അവകാശം തനിക്കാണെന്നും അവകാശപ്പെട്ടാണ് അഖിലേഷ് സ്ഥാനം പിടിച്ചെടുത്തത്.
എന്നാല്‍, സമാജ് വാദി പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഇപ്പോഴും താന്‍ തന്നെയാണെന്നും ജനുവരി ഒന്നിന് നടന്ന യോഗം പാര്‍ട്ടിയുടെ ഭരണഘടനാ വിരുദ്ധമാണെന്നുമാണ് മുലായത്തിന്റെ വാദം. പാര്‍ട്ടിയിലെ കരുത്ത് തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് ഇരുവര്‍ക്കും അവസരം നല്‍കിയിരുന്നു. 229 എം.എല്‍.എമാരില്‍ 220 പേരുടെയും 65 എം.എല്‍.സിമാരില്‍ 56 പേരുടെയും 5000 ലേറെ വരുന്ന ദേശീയ സമിതി അംഗങ്ങളില്‍ 4000 ലേറെ പേരുടെയും പിന്തുണ അഖിലേഷ് പക്ഷത്തിന് ലഭിച്ചു. ഇക്കാര്യം അഖിലേഷ് രേഖാമൂലം കമീഷനെ അറിയിച്ചതോടെയാണ് നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല